'ഗ്രീൻലാൻഡ് വിൽപ്പനയ്ക്കില്ല‌, ഞങ്ങളാണ്  നാളത്തെ ഭാവി തീരുമാനിക്കുക', ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാതെ യൂറോപ്യൻ നേതാക്കൾ

Sunday 18 January 2026 11:05 AM IST

വാഷിംഗ്ടൺ: ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് വിട്ടുനൽകണമെന്ന ആവശ്യത്തിന് വഴങ്ങാത്ത യൂറോപ്യൻ രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വയ്ക്കുന്നത്. ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനെ എതിർത്താൽ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10ശതമാനം നികുതി ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഫെബ്രുവരി ഒന്നു മുതൽ ഈ നികുതി പ്രാബല്യത്തിൽ വരും. ഡെന്മാർക്ക്, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങി യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളെയും ട്രംപിന്റെ തീരുമാനം ബാധിക്കും.

ഗ്രീൻലാൻഡ് പൂർണമായും അമേരിക്കയ്ക്ക് വിൽക്കുന്ന കാര്യത്തിൽ ധാരണയിലെത്തിയില്ലെങ്കിൽ, ജൂൺ ഒന്നു മുതൽ നികുതി 25ശതമാനമായി ഉയർത്തുമെന്നും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. ഗ്രീൻലാൻഡ് പദ്ധതിയെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്തുമെന്ന് കഴിഞ്ഞ ദിവസവും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ട്രംപിന്റെ ഭീഷണികൾക്ക് വഴങ്ങാതെ കടുത്ത നിലപാടാണ് യൂറോപ്യൻ നേതാക്കൾ എടുത്തിരിക്കുന്നത്. ഗ്രീൻലാൻഡിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഡെന്മാർക്കും ഗ്രീൻലാൻഡും മാത്രമാണെന്ന് യൂറോപ്യൻ നേതാക്കൾ പ്രതികരിച്ചു. ഇതിന്റെ ഭാഗമായി സഖ്യകക്ഷികളുമായി സഹകരിച്ച് ഗ്രീൻലാൻഡിൽ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുമെന്നും ഡെന്മാർക്ക് പ്രഖ്യാപിച്ചു. എന്നാൽ യൂറോപ്യൻ സൈനിക വിന്യാസം തന്റെ തീരുമാനത്തെ ബാധിക്കില്ലെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.

അതേസമയം, പരമാധികാരം സംരക്ഷിക്കാൻ ഭൂഖണ്ഡം സജ്ജമാണെന്നതിന്റെ സൂചനയാണിതെന്ന് ഫ്രഞ്ച് സായുധ സേനാ മന്ത്രി ആലീസ് റുഫോ പറഞ്ഞു. ഗ്രീൻലാൻഡ് അമേരിക്കയുടെ കൈകളിൽ എത്താതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നേരത്തെയും ട്രംപ് പറഞ്ഞിരുന്നു. ചൈനയും റഷ്യയും ഈ പ്രദേശം കൈക്കലാക്കുന്നത് തടയാനാണ് യുഎസിന്റെ നീക്കമെന്നും അദ്ദേഹം ന്യായീകരിച്ചു.

വാഷിംഗ്ടണിൽ നടന്ന കൂടിക്കാഴ്ചയിൽ ഡെന്മാർക്ക് പ്രതിനിധികൾ അമേരിക്കയുടെ നിലപാടിൽ ശക്തമായ വിയോജിപ്പാണ് അറിയിച്ചത്. ഇന്നലെ കോപ്പൻഹേഗനിൽ ആയിരക്കണക്കിന് ആളുകൾ യുഎസ് നീക്കത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. 'ഗ്രീൻലാൻഡ് വിൽപ്പനയ്ക്കില്ല, ഞങ്ങളാണ് ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത്'എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് അവർ ഉയർത്തിയത്.

ഗ്രീൻലാൻഡ് കൈക്കലാക്കാനുള്ള അമേരിക്കയുടെ നീക്കം അന്താരാഷ്ട്ര നിയമലംഘനമാണെന്നും ഡെന്മാർക്ക് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസെൻ പറഞ്ഞു. 'അമേരിക്കയ്ക്കും ഡെന്മാർക്കിനും ഇടയിൽ ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ ഞങ്ങൾ ഡെന്മാർക്കിനെയും നാറ്റോയെയും യൂറോപ്യൻ യൂണിയനെയും തിരഞ്ഞെടുക്കും'. ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്‌ ഫ്രെഡറിക് നീൽസൺ വ്യക്തമാക്കി.

യൂറോപ്പിനെതിരെയുള്ള സാമ്പത്തിക നടപടികൾക്കിടയിൽ തന്നെ സിറിയയിൽ ഐസിസിനെതിരെ അമേരിക്കൻ സൈന്യം നടത്തിയ നിർണായക നീക്കവും ട്രംപ് പ്രഖ്യാപിച്ചു. വടക്കുപടിഞ്ഞാറൻ സിറിയയിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ അൽഖ്വയ്ദയുമായി ബന്ധമുള്ള ഭീകരനേതാവ് ബിലാൽ ഹസൻ അൽ ജാസിമിനെ വധിച്ചതായാണ് റിപ്പോർട്ടുകൾ.