'രാജ്യത്ത് പണത്തിന്റെ കുറവൊന്നുമില്ല, സത്യസന്ധമായി പ്രവർത്തിക്കാൻ കഴിവുള്ള നേതാക്കളുടെ കുറവുണ്ട്'; നിതിൻ ഗഡ്‌കരി
വിദിഷ: ഇന്ത്യയിൽ ഗ്രാമങ്ങളിൽ കർഷകർക്കുവേണ്ടി സത്യസന്ധമായി പ്രവർത്തിക്കാൻ കഴിവുള്ള രാഷ്ട്രീയ നേതാക്കളുടെ ആവശ്യമുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി ഗ്രാമങ്ങളിലെ കർഷകർക്കും ദരിദ്രർക്കും സാമ്പത്തിക സഹായം നൽകുന്നതിലല്ലെന്നും പ്രതിബദ്ധതയുള്ള നേതൃത്വത്തിന്റെ കുറവിലാണെന്നും അദ്ദേഹം പറഞ്ഞു. മദ്ധ്യപ്രദേശിലെ വിദിഷയിൽ കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേദിയിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുമുണ്ടായിരുന്നു. കർഷകരുടെ ശാക്തീകരണത്തെക്കുറിച്ചും ദേശീയ വളർച്ചയെക്കുറിച്ചുമാണ് നിതിൻ ഗഡ്കരി സംസാരിച്ചത്. പുരാണങ്ങൾ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. 'രാജ്യത്ത് പണത്തിന് ഒരുകുറവുമില്ല. എന്നാൽ സത്യസന്ധമായി പ്രവർത്തിക്കേണ്ട രാഷ്ട്രീയ നേതാക്കളുടെ ആവശ്യമുണ്ട്. ഇതാണ് വികസനത്തിന് വെല്ലുവിളിയാകുന്നത്. കർഷകർ ആത്മഹത്യ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഞാൻ ജീവിതം സമർപ്പിച്ചു. എന്റെ പ്രവർത്തനങ്ങൾ 90 ശതമാനവും കർഷകരെ ലക്ഷ്യം വച്ചിട്ടുള്ളതാണ്'- നിതിൻ ഗഡ്കരി പറഞ്ഞു.
അതേസമയം, വിദിഷയിൽ 4,400 കോടി രൂപയുടെ എട്ട് റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ചടങ്ങിൽ നടന്നു. സംസ്ഥാനത്തിന്റെ വളർച്ചയ്ക്കായി ഒരു ലക്ഷം കോടി രൂപയുടെ പുതിയ സംരംഭങ്ങൾക്കും സർക്കാർ അംഗീകാരം നൽകി. കർഷകരെ അന്നദാതാക്കൾ എന്നുകാണുന്നതിനുപകരം ഊർജദാതാക്കാളാക്കി മാറ്റണമെന്നും നിതിൻ ഗഡ്കരി ആഹ്വാനം ചെയ്തു.
ശുദ്ധീകരിച്ച ടോയ്ലറ്റ് ജലം വിൽക്കുന്നതിലൂടെ നാഗ്പൂരിന് 300 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ശരിയായ നേതാക്കൾ ഉണ്ടായിരുന്നുവെങ്കിൽ മാലിന്യം പോലും സമ്പത്താക്കി മാറ്റാമായിരുന്നുവെന്നും നിതിൻ ഗഡ്കരി സൂചിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കാനും ഒടുവിൽ ഏറ്റവും ശക്തമായ രാജ്യമായി മാറ്റാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.