പാക് അതിർത്തിക്ക് അടുത്ത് വൻ ആയുധശേഖരവുമായി ഒരാൾ പിടിയിൽ; പിടിച്ചെടുത്തത് എകെ47 തോക്കുകളും വിദേശനിർമ്മിത പിസ്റ്റളും
ചണ്ഡിഗർ: പഞ്ചാബിൽ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം പൊലീസ് നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരവുമായി ഒരാൾ പിടിയിൽ. പത്താൻകോട്ട് ജില്ലയിൽ നിന്ന് ജസ്വന്ത് സിംഗ് എന്നയാളാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് ആവശ്യമായ ലൈസൻസോ മറ്റ് രേഖകളോ ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കൂടുതൽ ആയുധങ്ങൾ കണ്ടുകെട്ടുകയും പ്രതിയെ സംഭവസ്ഥലത്ത് വച്ച് തന്നെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ശനിയാഴ്ച പതിവ് പരിശോധനയ്ക്കിടെയാണ് നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വച്ചതിന് ജസ്വന്തിനെ പൊലീസ് പിടികൂടിയത്. തിരച്ചിലിൽ മൂന്ന് എകെ47 റൈഫിളുകളും അഞ്ച് മാഗസിനുകളും, തുർക്കി നിർമ്മിതവും ചൈനീസ് നിർമ്മിതവുമായ രണ്ട് പിസ്റ്റളുകളും രണ്ട് പിസ്റ്റൾ മാഗസിനുകളും, വിവിധ കാലിബറുകളിലുള്ള 98 ലൈവ് കാട്രിഡ്ജുകളും പൊലീസ് കണ്ടെടുത്തു. ആയുധങ്ങൾ എവിടെ നിന്ന് എത്തിച്ചതാണെന്നും ഇവ ഉപയോഗിച്ച് എന്തെങ്കിലും അട്ടിമറി നീക്കങ്ങൾ ലക്ഷ്യമിട്ടിരുന്നോ എന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.