മമ്മൂട്ടിയും ശ്രീനിവാസനും തമ്മിൽ പിണങ്ങിയത് ആ ഒരൊറ്റ കാര്യത്തിന്റെ പേരിൽ, ഓർമ്മ പങ്കുവച്ച് ഗണേഷ് കുമാർ
നടന്മാരായ ശ്രീനിവാസനും മമ്മൂട്ടിയും തമ്മിലുള്ള പിണക്കത്തെക്കുറിച്ചുള്ള രസകരമായ ഓർമ്മ പങ്കുവച്ച് നടനും മന്ത്രിയുമായ കെബി ഗണേഷ് കുമാർ. നിയമസഭാ പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന 'സന്മനസുള്ള ശ്രീനി' എന്ന പരിപാടിയിലായിരുന്നു ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തൽ. ശ്രീനിവാസനെ ഒരു ബുദ്ധിരാക്ഷസനായാണ് എല്ലാവരും കാണുന്നതെങ്കിലും മമ്മൂട്ടിയുമായുള്ള അദ്ദേഹത്തിന്റെ പിണക്കം തികച്ചും ലളിതമായ ഒരു കാരണത്തിലായിരുന്നുവെന്ന് ഗണേഷ് കുമാർ ഓർത്തെടുത്തു.
ജൈവകൃഷിയോടുള്ള ഇരുവരുടെയും താല്പര്യമാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത്. തന്റെ വയലിലെ ജൈവ അരി ഏറ്റവും മികച്ചതെന്ന് മമ്മൂട്ടിയും അതല്ല തന്റെ വയലിലെ ജൈവ അരിയാണ് മികച്ചതെന്ന് ശ്രീനിവാസനും വാദിച്ചു. ഈ 'അരി' തർക്കം ഒടുവിൽ ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ ചെറിയ വിള്ളലുകൾ ഉണ്ടാക്കിയെന്നും ഗണേഷ് കുമാർ തമാശരൂപേണ പറഞ്ഞു.
ഭയങ്കര ജീനിയസാണെന്ന് നമ്മൾ കരുതുമ്പോഴും ഇത്രയും നിസാര കാര്യങ്ങളിൽ വാശിപിടിക്കുന്ന ഒരു സാധാരണക്കാരൻ കൂടി അടങ്ങിയതാണ് ശ്രീനിവാസൻ എന്ന വ്യക്തിത്വമെന്ന് ഗണേഷ് കുമാർ പറയുന്നു. ജൈവകൃഷിയിലെ ആരോഗ്യകരമായ മത്സരം ശ്രീനിവാസന്റെ നിഷ്‌കളങ്കമായ മറ്റൊരു വശമാണ് വെളിപ്പെടുത്തുന്നതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.