തേങ്ങ ചുട്ടരച്ചൊരു ഉണക്കമീൻ ചമ്മന്തി; ചോറിന്റെ കൂടെ ഇതൊന്നുമാത്രം മതി, വായിൽ കപ്പലോടും
Sunday 18 January 2026 12:51 PM IST
എല്ലാ ദിവസവും ഒരേ കറി തന്നെ കൂട്ടി മടുത്തെങ്കിൽ ഉണക്കമീൻ ഉപയോഗിച്ച് ഒരു തേങ്ങ ചുട്ടരച്ച ചമ്മന്തി തയ്യാറാക്കിയാലോ?. അതും പുത്തൻ രുചിയിൽ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ ഒരൊറ്റ വിഭവമുണ്ടെങ്കിൽ ഊണ് കുശാലാകും. ചോറിനൊപ്പം മാത്രമല്ല, ദോശയ്‌ക്കും ഇഡലിക്കും ഒപ്പം ഈ ചമ്മന്തിപ്പൊടി കഴിക്കാനാകും.
ചേരുവകൾ
- തേങ്ങ- ഒന്നിന്റെ പകുതി, കഷ്‌ണങ്ങളാക്കിയത്.
- വറ്റൽമുളക്- നാല്
- ചുവന്നുള്ളി
- ഇഞ്ചി- ഒരു ചെറിയ കഷ്‌ണം
- കറിവേപ്പില- ഒരു തണ്ട്
- ഉപ്പ്, വാളൻപുളി - പാകത്തിന്
- മുള്ളില്ലാത്ത ഉണക്കമീൻ വറുത്ത് പൊടിച്ചത്- അരക്കപ്പ്
തയ്യാറാക്കുന്ന വിധം
ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന തേങ്ങയും വറ്റൽമുളകും കനലിൽ ചുട്ടെടുക്കാം. ഇതിലേക്ക് ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില, ഉപ്പ്, വാളൻപുളി എന്നിവ ചേർത്ത് അരച്ചെടുക്കണം. ഇത് വറുത്ത ഉണക്കമീൻപൊടിയുടെ കൂടെ ചേർത്തിളക്കണം. ഉണക്കമീന് ഉപ്പുള്ളതിനാൽ ചമ്മന്തി തയ്യാറാക്കുമ്പോൾ വളരെ കുറച്ചുമാത്രമേ ഉപ്പ് ചേർക്കാൻ പാടുള്ളു.