മരിക്കുന്നതിന് മുൻപ് പിതാവിനെ വിളിച്ച് കരഞ്ഞു; കാർ മാലിന്യ കുഴിയിലേക്ക് മറിഞ്ഞ് ഐടി ജീവനക്കാരന് ദാരുണാന്ത്യം

Sunday 18 January 2026 3:58 PM IST

നോയിഡ: കഠിനമായ മൂടൽമഞ്ഞിൽ നിയന്ത്രണം വിട്ട കാർ മാലിന്യ കുഴിയിലേക്ക് മറിഞ്ഞ് ഐടി ജീവനക്കാരന് ദാരുണാന്ത്യം. നോയിഡ സെക്ടർ 150ന് സമീപം വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവരാജ് മെഹ്ത (27) ആണ് മരിച്ചത്.

അപകടത്തെ തുടർന്ന് കാറിനുള്ളിൽ കുടുങ്ങിയ യുവരാജ് തന്റെ പിതാവ് രാജ്‌‌കുമാർ മെഹ്തയെ ഫോണിൽ വിളിച്ച് സഹായത്തിനായി നിലവിളിച്ചിരുന്നു. 'അച്ഛാ, ഞാൻ വെള്ളം നിറഞ്ഞ വലിയൊരു കുഴിയിൽ വീണിരിക്കുന്നു. മുങ്ങുകയാണ്, പെട്ടെന്ന് എന്നെ വന്ന് രക്ഷിക്കൂ.. എനിക്ക് മരിക്കണ്ട...' എന്നായിരുന്നു യുവരാജിന്റെ അവസാന വാക്കുകൾ. മകന്റെ നിലവിളി കേട്ട് പിതാവ് ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും നിമിഷങ്ങൾക്കകം കാർ പൂർണമായും വെള്ളത്തിനടിയിലായി.

കഠിനമായ മൂടൽമഞ്ഞും റോഡിലെ റിഫ്‌‌ളക്ടറുകളുടെ അഭാവവുമാണ് അപകടത്തിലേക്ക് നയിച്ചത്. റോഡിന് സമീപമുള്ള രണ്ട് ഡ്രെയിനേജ് ബേസിനുകളെ വേർതിരിക്കുന്ന ഉയർന്ന ഭിത്തിയിലിടിച്ച കാർ 70 അടി താഴ്ചയുള്ള വെള്ളം നിറഞ്ഞ കുഴിയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാർ മുങ്ങിപ്പോയതിനാൽ വിഫലമായി. പൊലീസും ഫയർഫോഴ്സും മുങ്ങൽ വിദഗ്ദ്ധരും അടക്കം സ്ഥലത്തെത്തി അഞ്ച് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കാറും യുവരാജിന്റെ മൃതദേഹവും പുറത്തെടുത്തത്.

സർവീസ് റോഡുകളിൽ സുരക്ഷാ സൂചനകളോ റിഫ്‌‌ളക്ടറുകളോ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് കാണിച്ച് യുവരാജിന്റെ കുടുംബം പരാതി നൽകി. അപകടത്തിന് പിന്നാലെ നാട്ടുകാർ അധികൃതർക്കെതിരെ പ്രതിഷേധിച്ചു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും റോഡിലെ കുഴികൾ മൂടാനോ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാനോ അധികൃതർ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ ടൺ കണക്കിന് മാലിന്യങ്ങളും അവശിഷ്ടങ്ങളും ഉപയോഗിച്ചാണ് അധികൃതർ കുഴി മൂടിയത്.