വലയന്റെകുഴി കല്ലുകടവ് അവഗണനയിൽ
കടയ്ക്കാവൂർ: വെട്ടൂർ പഞ്ചായത്തിലെ വലയന്റെകുഴി കല്ലുകടവ് അവഗണനയിൽ നശിക്കുന്നു. ചകിരി മില്ലുകൾ,തൊണ്ട് മില്ലുകൾ,പായ നെയ്ത്ത് ഫാക്ടറികൾ,കെട്ടുവളളങ്ങൾ എന്നിവിടങ്ങളിൽ നൂറുകണക്കിന് തൊഴിലാളികൾ പണിയെടുത്തിരുന്നു. ചരക്ക് വാഹനങ്ങളിൽ മലപോലെ തൊണ്ട് (ചകിരി) കയറ്റി വരുന്നതും കയറാക്കി തിരികെ പോകുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചകളായിരുന്നു. ചുറ്റുമായ് തൊണ്ടഴുക്കുന്ന പത്തോളം വട്ടങ്ങളും സജീവമായിരുന്ന ഇവിടം ഇന്ന് അവഗണനകൊണ്ട് കാട് പിടിച്ച് അനാഥമായ് കിടക്കുകയാണ്. പ്രകൃതി ഭംഗികൊണ്ടും കായലിന്റെ വിസ്തൃതികൊണ്ടും വിനോദസഞ്ചാര മേഖലയെ ആകർഷിക്കാൻ പറ്റിയ അനുകൂല സാഹചര്യമാണിവിടം.
കേരളത്തിന്റെ ജലപാതയുടെ നട്ടെല്ലായ ടി.എസ് കനാലിലേക്ക് വലയന്റെകുഴി കല്ലുകടവിൽ നിന്നും നേരിട്ട് എളുപ്പത്തിൽ പ്രവേശിക്കാം. ഹൗസ് ബോട്ടുകൾക്കും ശിക്കാര വള്ളങ്ങൾക്കുമടക്കം കടന്നുവരാൻ കഴിയുന്ന ഈ ജലപാത തുറന്നാൽ അത് വെട്ടൂർ പഞ്ചായത്തിന്റെ ടൂറിസം ഭൂപടം തന്നെ മാറ്റിവരയ്ക്കും.
പ്രകൃതി ഭംഗിയിൽ
വർക്കല പാപനാശം ബീച്ചിൽ നിന്നും പ്രകൃതിരമണീയമായ പൊന്നുംതുരുത്ത് ദ്വീപിലേക്ക് ജലമാർഗ്ഗം പോകാനുള്ള എറ്റവും എളുപ്പവഴിയാണ് നമ്മുടെ കല്ലുകടവ്. വിദേശ സഞ്ചാരികൾക്ക് തനി നാടൻ ഗ്രാമീണ ജീവിതം, നാടൻ ഭക്ഷണങ്ങൾ എന്നിവ പരിചയപ്പെടുത്താൻ ഇതിലും മികച്ചൊരു സ്ഥലം വേറെയില്ല.
ടൂറിസം സാദ്ധ്യതയും
കാടുപിടിച്ചു കിടക്കുന്ന ഈ പ്രദേശം അടിയന്തരമായി ശുചീകരിച്ച് ഉൾനാടൻ ജലവിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇവിടെയൊരു ബോട്ടുജെട്ടി സ്ഥാപിച്ചാൽ കയാക്കിംഗ്, അഡ്വെെഞ്ചർ വാട്ടർ സ്പോർട്സ് എന്നിവ പ്രോത്സാഹിപ്പിക്കാനാകും. പൊന്നുംതുരുത്തിന്റെ സൗന്ദര്യം തേടി വരുന്നവർക്ക് കല്ലുകടവ് ഒരു പ്രധാന ഇടത്താവളമായി മാറുമെന്നതിൽ സംശയമില്ല.