ബസുകൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്
തലയോലപ്പറമ്പ് : കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും, ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. വരിക്കാംകുന്ന് അസിസ്സി മൗണ്ടിന് സമീപം ഇന്നലെ രാവിലെ 10 ഓടെയാണ് അപകടം. കോട്ടയത്ത് നിന്ന് വൈറ്റിലയ്ക്ക് പോകുകയായിരുന്ന എറണാകുളം ഡിപ്പോയിലെ ബസും, ബംഗളൂരുവിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. ട്രാൻ. ബസ് യാത്രികരായ പാമ്പാടി സ്വദേശി സുനിൽ കുമാർ (46), ഭാര്യ ശോഭന (42), മകൻ അജി (15) എന്നിവർക്ക് തലയ്ക്ക് സാരമായി പരിക്കേറ്റു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഡ്രൈവർ ദീപക്കിനെതിരെ കേസെടുത്തു. ഇരു ബസുകളുടെയും മുൻവശം തകർന്നു. ടൂറിസ്റ്റ് ബസിൽ യാത്രക്കാരില്ലായിരുന്നു. തലയോലപ്പറമ്പ് എസ്.ഐ പി.എസ് സുധീരന്റെ നേതൃത്വത്തിൽ പൊലീസെത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.