രോഗം സ്ഥിരീകരിച്ചത് കാഞ്ഞിരപ്പള്ളിയിൽ......... വീണ്ടും പക്ഷിപ്പനി, പറന്നകലാതെ ഭീതി
കോട്ടയം : കർഷകരിൽ ആശങ്കയുയർത്തി ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ക്രിസ്മസിന് രണ്ടാഴ്ച മുമ്പ് രോഗം ബാധിച്ചെങ്കിലും ഇതിന്റെ ഭീതി വിട്ടകലുന്നതിനിടെയാണ് ഇരുട്ടടിയായി മലയോരമേഖലയായ കാഞ്ഞിരപ്പള്ളിയിലെ കോഴിഫാമിൽ രോഗം റിപ്പോർട്ട് ചെയ്തത്. സാധാരണ പടിഞ്ഞാറൻ പ്രദേശങ്ങളിൽ താറാവുകളിൽ മാത്രം കണ്ടിരുന്ന രോഗമാണ് ഇപ്പോൾ മറ്റിടങ്ങിലേക്കും പകരുന്നത്. കഴിഞ്ഞ വർഷം മണർകാട് പക്ഷിവളർത്തൽ കേന്ദ്രത്തിൽ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജാഗ്രതാ നടപടികളും സ്വീകരിച്ചിരുന്നു. മാസങ്ങളോളം താറാവ്, കോഴിവളർത്തൽ നിരോധിച്ച് സംരക്ഷണക്കോട്ട കെട്ടി. എന്നിട്ടും തടയാനായില്ല. ഉറവിടവും അജ്ഞാതമാണ്. ദേശാടനപ്പക്ഷികളാണ് രോഗവ്യാപനത്തിനു കാരണമെന്ന് പതിവ് വാദം ഉയർത്താനാണ് അധികൃതരുടെ ശ്രമം. എന്നാൽ, മറ്റ് പക്ഷികളുമായി യാതൊരു ബന്ധമില്ലാതെ ഫാമിൽ വളർത്തിയിരുന്ന കോഴികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇറച്ചിക്കോഴി മേഖലയിൽ ആശങ്ക
രോഗഭീതി മൂലം കോഴിയിറച്ചിക്കുൾപ്പെടെ ആവശ്യക്കാർ കുറയും. ഉയർന്ന വില ലഭിക്കുന്ന സാഹചര്യത്തിൽ രോഗം വന്നത് കച്ചവടത്തെയും ബാധിക്കും. ഇത് കോഴി വളർത്തൽ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. രോഗവ്യാപനം തുടർച്ചയായതോടെ താറാവു വളർത്തൽ കപലരും ഉപേക്ഷിച്ചിരുന്നു. കോഴിക്കും താറാവിനും വില ഇടിഞ്ഞാൽ, മറുവശത്ത് ബീഫിനും മത്സ്യത്തിനും പച്ചക്കറിക്കും വില കൂടാനും സാദ്ധ്യതയുണ്ട്.പക്ഷിപ്പനിയ്ക്ക് മുമ്പ് ഫാമുകളിൽ നിന്ന് കോഴികളെ എത്തിച്ച കച്ചവടക്കാർക്കാണ് കീശ ചോരുന്നത് .കോഴികളെ വാങ്ങിയ വിലയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കേണ്ടി വരുന്നു.
കരുതൽ വേണം പക്ഷികളുമായി ധാരാളമായി ഇടപെടുന്ന കർഷകർ ഫാം ജോലിക്കാർ, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ ഇറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്യുന്നവർ പക്ഷി കാഷ്ഠം (വളത്തിനായി) കൈകാര്യം ചെയ്യുന്നവർ
കള്ളിംഗ് നടത്തും
റാപ്പിംഡ് റെസ്പോൺസ് ടീമെത്തി കോഴികളെ കള്ളിംഗ് നടത്തും
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതി വിലയരുത്തി
പ്രതിരോധമരുന്ന് വിതരണം ചെയ്യാൻ നടപടി തുടങ്ങി
-പക്ഷിപ്പനിയെത്തുടർന്ന് നഷ്ടമുണ്ടാകുമ്പോഴും രോഗ ഉറവിടം കണ്ടെത്താൻ ഗവേഷണം ഉൾപ്പെടെ നടത്താൻ സർക്കാർ തയ്യാറാകുന്നില്ല.
(കർഷകർ)
ഫാമിൽ : 2500 കോഴികൾ