സത്യവാങ്മൂലം പിൻവലിക്കണം
Monday 19 January 2026 12:13 AM IST
കോട്ടയം : ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന സർക്കാർ നിലപാട് പുന:പരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജീവനക്കാർക്കും പെൻഷൻകാർക്കും 15 % ക്ഷാമബത്ത കുടിശികയുള്ളപ്പോൾ സർക്കാർ നിലപാട് ആശങ്കാജനകമാണ്. ശമ്പളത്തിന്റെ ഭാഗമാണ് ക്ഷാമബത്തയെന്ന് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും വിധിച്ചിട്ടുള്ള സാഹചര്യത്തിൽ ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ നൽകിയിട്ടുള്ള സത്യവാങ്മൂലം പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി.എം. മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. മൈക്കിൾ സിറിയക്ക്, പി.രാധാകൃഷ്ണ കുറുപ്പ്, ഡോ. വർഗ്ഗീസ് പേരയിൽ, ജെയ്‌സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ എന്നിവർ പ്രസംഗിച്ചു.