അഞ്ചുതെങ്ങ് ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി

Monday 19 January 2026 12:50 AM IST

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പൊലീസ് സ്റ്റേഷൻ റോഡ് മഴപെയ്താൽ വെള്ളക്കെട്ടും ചെളിയുമായി മാറും. പി.ഡബ്ല്യു.ഡി റോഡിൽ നിലവിലുണ്ടായിരുന്ന ഓട തകർന്നതാണ് കാരണം. അഞ്ചുതെങ്ങ് ജംഗ്ഷനും സമീപമുള്ള പ്രദേശങ്ങളിലെയും മാലിന്യങ്ങളടക്കം ഒലിച്ചു വന്നു ഈ റോഡിൽ ആഴ്ചകളോളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഈ റോഡിന്റെ ഇരുവശവുമുള്ള വീടുകളിലേക്ക് മാലിന്യങ്ങൾ ഒഴുകിയെത്തുന്നതിനെ തുടർന്ന് അവിടെ താമസിക്കുന്നവർക്ക് ഏറെ ബുദ്ധിമുട്ടാണ്. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിലവിലെ മെമ്പർ എസ്.പ്രവീണചന്ദ്ര മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു. മന്ത്രിയുടെ നിർദ്ദേശപ്രകാരം പി.ഡബ്ല്യു.ഡി എൻജിനീയർമാരുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥന്മാരും ബന്ധപ്പെട്ടവരും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ പി.ഡബ്ല്യു. ഡി റോഡിൽ നിലനിന്ന പഴയ ഓട പുനസ്ഥാപിക്കുവാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഈ ഓടയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ ഈ പ്രദേശത്തേക്കുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടും.