കേരള കോൺഗ്രസുകാരെ കൊണ്ട് തോറ്റു
കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിലെ പൊറുതി അവസാനിപ്പിച്ച് യു.ഡി.എഫിലേക്ക് ചാടുമെന്ന പ്രതീക്ഷയിൽ കൈയ്യിൽ തേങ്ങായും പിടിച്ച് 'ഇപ്പം പൊട്ടിക്കും.. ഇപ്പം പൊട്ടിക്കുമെന്ന്.. മിഥുനം സിനിമയിൽ നെടുമുടി വേണുവിന്റെ പൂജാരി കഥാപാത്രം പറയുന്നതുപോലെ 'ഇപ്പം ചാടും ഇപ്പം ചാടുമെന്ന്' യു.ഡിഎഫിലെ പല നേതാക്കളും സ്വപ്നം കണ്ടെങ്കിലും തേങ്ങാ പിടിച്ചു വാങ്ങി പൊട്ടിക്കാൻ ജഗതിയെപ്പോലെ ആരുമില്ലാതിരുന്നതിനാൽ തേങ്ങാ ഉടഞ്ഞില്ല. കേരള കോൺഗ്രസിന്റെ തനി സ്വഭാവം കാണിച്ച് പിളരുമെന്ന് ചിലർ കരുതിയെങ്കിലും തള്ളക്കോഴി കുഞ്ഞുങ്ങളെ ചേർത്തു പിടിക്കുന്നതു പോലെ അഞ്ച് എം.എൽ.എമാരെയും ചേർത്തുപിടിച്ച് ചെയർമാൻ ജോസ് കെ മാണി ' നമ്മളൊന്നാണേ പാടിയത് കോൾമയിർ കൊള്ളുന്ന കാഴ്ചയായിരുന്നു പല പിളർപ്പുകൾക്കും സാക്ഷ്യം വഹിച്ച കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ അരങ്ങേറിയത്.
സമീപത്തെ കാപ്പിക്കടയിൽ ഒന്നിച്ചിരുന്ന അഞ്ചു എം.എൽ.എമാരുടെ ചിത്രം പകർത്താൻ ക്യാമറാമാന്മാർ മത്സരിക്കുന്നതിനിടയിൽ അഞ്ചുപേരെയും ഇടംവലം നിറുത്തി പാർട്ടി ഓഫീസിലേക്കുള്ള ജോസിന്റെ സ്ലോ മോഷനിലുള്ള വരവുണ്ടായിരുന്നു. ഒരൊന്നൊന്നര വരവ്.
ജോസും കൂട്ടരും എൽ.ഡി.എഫ് വിടുമെന്ന് പ്രചരിപ്പിച്ചത് അകത്തുള്ളവരോ പുറത്തുള്ളവരോ എന്ന തർക്കം അവസാനിച്ചിട്ടില്ല. പകുതി എം.എൽ.എമാരെ ഇടതുമുന്നണിയിൽ പിടിച്ചുനിറുത്തിയത് മുഖ്യമന്ത്രിയുടെ നമ്പരായിരുന്നുവെന്ന പ്രചാരണവുമുണ്ട്. ജോസിനെ പിടിക്കാൻ സോണിയാഗാന്ധി വരെ ഇടപെട്ടെന്ന പ്രചാരണം ഒരു വശത്ത് വിസ്മയം നടക്കുമെന്ന സതീശന്റെ പ്രചാരണം മറുവശത്ത്. അവസാനം 'നിങ്ങളോട് ആരാ ഇതു പറഞ്ഞെതെന്ന് രണ്ടു കൂട്ടരും മാദ്ധ്യമപ്പടയോട് തിരിച്ച് ചോദിച്ചപ്പോൾ ' താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താനാരാണെന്ന്, തനിക്ക് ഞാൻ പറഞ്ഞു തരാം താനാരാണെന്ന്,,' എന്ന കുതിരവട്ടം പപ്പുവിന്റെ ഡയലോഗാണ് പലരും ഓർത്തു പോയത്.
അഞ്ച് എം.എൽഎമാരെയും ഒപ്പം ഇരുത്തി മുൻ വശത്തെ മേശയിലടിച്ച് 'ഇവരിലാരെങ്കിലും യു.ഡി.എഫിലേക്ക് പോകുമോ എന്ന് നേരിട്ട് ചോദിക്കെന്ന് ' സ്റ്റിയറിംഗ് കമ്മിറ്റി റിപ്പോർട്ടിംഗിനെത്തിയവരോട് ജോസ് പറഞ്ഞപ്പോൾ എം.എൽഎമാരുടെ മുഖം ഒന്നു കാണേണ്ടതായിരുന്നു. മുന്നണിമാറ്റം അങ്ങനെ മല പോലെ വന്നത് എലിപോലെ ആകെ മൊത്തം കോംപ്ലിമെന്റായി. ജോസ് രാവിലെ സ്റ്റിയറിംഗ് കമ്മറ്റി വച്ച ദിവസം തന്നെ കോട്ടയത്ത് ജോസഫും സ്പെഷ്യൽ സമ്മേളനം വച്ചിരുന്നു. ഗ്രൂപ്പു വൈരികൾസ്ഥിരമായി ഇങ്ങനെ ഒരേ ദിവസം രണ്ടുസമ്മേളനം വച്ചാൽ പാവം മാദ്ധ്യമപ്രവർത്തകരുടെ കാര്യമാണ് കട്ടപ്പൊകയാകുക !