'എല്‍ഡിഎഫിനെ പിണറായി തന്നെ നയിക്കും,  ആ രണ്ട് നേതാക്കള്‍ ഒപ്പമുണ്ടാകും'; സ്ഥിരീകരിച്ച് എംഎ ബേബി

Sunday 18 January 2026 8:34 PM IST

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കും. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പിണറായി വിജയന്‍ ജനകീയനായ നേതാവാണെന്നും സംസ്ഥാനത്തെ പത്ത് വര്‍ഷം സമാനതകളില്ലാത്ത വികസനത്തിലേക്ക് നയിച്ച അദ്ദേഹം തന്നെയാകും മുന്നണിയെ നയിക്കുകയെന്നാണ് ബേബി പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ ജോസ് കെ മാണി, ബിനോയ് വിശ്വം എന്നിവര്‍ മുന്‍നിരയില്‍ തന്നെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നണിയില്‍ കേരളത്തിലെ ഇന്നത്തെ ഏറ്റവും പ്രമുഖനായ നേതാവ് പിണറായി വിജയനാണ്. സമര്‍ത്ഥനായ, കാര്യക്ഷമതയുള്ള, ജനകീയനായ നേതാവാണ് എന്നതുകൊണ്ടാണ് അദ്ദേഹത്തിനുനേരെ ഒറ്റതിരിഞ്ഞ ആക്രമണം നടക്കുന്നതെന്നും എംഎ ബേബി പറഞ്ഞു. ഏതെങ്കിലും ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചായിരിക്കില്ല തിരഞ്ഞെടുപ്പിന് ഒരുങ്ങുക. പല പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണിയാണ് എല്‍ഡിഎഫ്, അതില്‍പ്പെട്ട പ്രധാന നേതാക്കളെല്ലാം തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുണ്ടാകും.

എല്ലാ പാര്‍ട്ടികളിലെ നേതാക്കളും എല്‍ഡിഎഫ് പോരാട്ടത്തില്‍ നായകസ്ഥാനത്ത് ഉണ്ടാകും. ബിനോയ് വിശ്വം, ജോസ് കെ. മാണി തുടങ്ങി എല്ലാവരും ഉണ്ടാകും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉണ്ടാകും. സഹായിക്കാന്‍ ഞങ്ങളും വരും.- എംഎ ബേബി വ്യക്തമാക്കി. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കാണുന്ന നിരവധി നേതാക്കളുണ്ടെന്നും ബേബി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലുള്ളത് ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രേമികളാണ്. അതില്‍ വ്യത്യസ്ത ഉത്തരവാദിത്വങ്ങള്‍ ആര് ഏറ്റെടുക്കും എന്നത് എല്‍ഡിഎഫിന്റെ മുമ്പില്‍ ഉയര്‍ന്നുവരുമ്പോള്‍ ആ സമയത്ത് ഉത്തരം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.