എങ്ങുമെത്താതെ ചെല്ലഞ്ചി വിനോദ സഞ്ചാര പദ്ധതി
പാലോട്: ചെല്ലഞ്ചിപാലത്തിലെ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തി, മുൻ ബ്ലോക്ക് പഞ്ചായത്ത് നിരവധി പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലംകണ്ടില്ല.തീരദേശ വിനോദസഞ്ചാര കേന്ദ്രമായ വർക്കലയെയും പൊന്മുടി ഹൈറേഞ്ച് ടൂറിസത്തെയും ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര ഇടത്താവളമാക്കി ചെല്ലഞ്ചിപ്പാലം മാറ്റുമെന്ന പ്രഖ്യാപനം വർഷങ്ങൾ കഴിഞ്ഞിട്ടും കടലാസിലൊതുങ്ങുകയാണ്.സാമൂഹിക വിരുദ്ധരുടെ പ്രധാന താവളമാണ് ഇന്ന് ഇവിടം.വർക്കല ബീച്ചിൽ നിന്ന് നെടുമങ്ങാട് വഴി നേരിട്ട് ആറ്റിങ്ങൽ - വെഞ്ഞാറമൂട് - നന്ദിയോട് - വിതുര വഴി അനായാസം പൊന്മുടിയിലേക്ക് ചെല്ലഞ്ചി പാലം വഴിയെത്താനാവും.നന്ദിയോട് - കല്ലറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് വാമനപുരം നദിക്ക് കുറുകെ 148.25 മീറ്റർ നീളത്തിൽ പണിത പാലം കാണാൻ നിരവധി സഞ്ചാരികളാണ് ദിനവും എത്തുന്നത്.
വാഗ്‌ദാനങ്ങൾ മാത്രം
വാമനപുരം നദീ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന്, മുൻ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല.പാലത്തിൽ നിന്ന് നദിയുടെ സൗന്ദര്യം ആസ്വാദിക്കാനെത്തുന്നവർക്കായി ഇരിപ്പിടങ്ങളും കുട്ടികളുടെ പാർക്കും നിർമ്മിക്കും.നദിയിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പാലത്തിന് മുകളിൽ ഫെൻസിംഗുകൾ സ്ഥാപിച്ച് നിരീക്ഷണത്തിനായി സി.സി.ടിവി ക്യാമറ സംവിധാനവും സഞ്ചാരികൾക്കായി കഫ്റ്റീരിയയും ഒരുക്കുമെന്നുമായിരുന്നു പ്രഖ്യാപനങ്ങൾ. എന്നാൽ നാളിതുവരെ ഒരു നിർമ്മാണവും നടന്നില്ല. മുങ്ങിമരണങ്ങളുടെ കേന്ദ്രവും ലഹരി മാഫിയയുടെ നിയന്ത്രണത്തിലുമാണിവിടം.പ്രദേശവാസികൾക്കുപോലും ഇതുവഴി സഞ്ചരിക്കാനാവാത്ത സാഹചര്യമാണ്.
പ്രതിഷേധിച്ച് നാട്ടുകാർ
നന്ദിയോട് പഞ്ചായത്ത് നാല് ക്യാമറകളും അപകട സൂചനാ ബോർഡും സ്ഥാപിച്ചു. പ്രദേശവാസികളുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് ചെല്ലഞ്ചി പാലം വഴിയുള്ള കെ.എസ്.ആർ.ടി.സി സർവീസുകളും, പ്രൈവറ്റ് ബസ് സർവീസും ആരംഭിച്ചിട്ടുണ്ട്.എം.എൽ.എ ഡി.കെ. മുരളിയുടെ ഇടപെടലിലൂടെ ചെല്ലഞ്ചി പാലം ഉൾപ്പെടുന്ന 13.5 കി.മീ റോഡിനായി 13:45 കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.