അഴിമതിമുക്ത കേരളം ക്യാമ്പയിൻ 1075 സർക്കാർ ഉദ്യോഗസ്ഥർ വിജിലൻസ് കുരുക്കിൽ
കണ്ണൂർ: രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായി വിജിലൻസിന്റെ നേതൃത്വത്തിൽ പൊതുജനപങ്കാളിത്തത്തോടെ നടത്തിവരുന്ന അഴിമതിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ഇത് വരെയായി കേസെടുത്തത് 1075 സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ. എട്ട് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തു.
ഏറ്റവും കൂടുതൽ കുറ്റാരോപിതരെ കണ്ടെത്തിയിട്ടുള്ളത് തദ്ദേശസ്വയംഭരണ വകുപ്പിലാണ്. വകുപ്പിലെ 304 ഉദ്യോഗസ്ഥർക്കെതിരെയാണ് ഇതു വരെയായി നടപടി സ്വീകരിച്ചിട്ടുള്ളത്. തൊട്ടുപിന്നാലെ റവന്യുവകുപ്പിലെ 195 ഉദ്യോഗസ്ഥർക്കെതിരെയും 50 പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാവകുപ്പ്, ആയുഷ് വകുപ്പ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, സ്‌പോർട്സ് വകുപ്പ്, ജുഡീഷ്യറി എന്നിവിടങ്ങളിൽ ഒരു ഉദ്യോഗസ്ഥർ മാത്രമെ നടപടി നേരിട്ടിട്ടുള്ളൂ.
ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യുന്ന പക്ഷം അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനായി എല്ലാ സർക്കാർ ഓഫീസുകളും കേന്ദ്രീകരിച്ച് വിവരദാതാക്കളുടെ ഒരു ശൃംഖല തന്നെ വിജിലൻസ് ഒരുക്കിയിട്ടുണ്ട്.
അഴിമതി ഇല്ലായ്മ ചെയ്യുന്നതിന് സംസ്ഥാനത്ത് പല ഏജൻസികളും നിയമവ്യവസ്ഥകളും നിലവിലുണ്ടെങ്കിലും ഇവയൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന തരത്തിൽ പ്രവർത്തിച്ചിരുന്ന ഒരു വിഭാഗം കേന്ദ്രസർക്കാർ ജീവനക്കാർ നടത്തുന്ന അഴിമതിക്കെതിരെ ശക്തമായ നടപടികൾ വിജിലൻസ് സ്വീകരിച്ചിട്ടുണ്ട്. അഴിമതി നടത്തുന്നവരെ കൈയോടെ പിടികൂടുന്നതിനായി ട്രാപ്പ് കേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്യുകയും അതിലൂടെ അഴിമതി തടയുന്നതിനായി കർശന നടപടികൾ സ്വീകരിച്ചുവരുന്നുമുണ്ട്.
പൊതുജനങ്ങൾക്ക് പരാതിപ്പെടാം
അഴിമതി സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് യഥാസമയം വിജിലൻസിൽ അറിയിക്കുന്നതിനായി 1064 ടോൾഫ്രീ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അഴിമതി സംബന്ധമായ വിവരങ്ങൾ 9447789100 എന്ന നമ്പറിൽ വാട്സ്ആപ്പ് ആയി സ്വീകരിക്കുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇ മെയിലായും 8592900900 എന്ന നമ്പറിലും വിജിലൻസ് ആസ്ഥാനത്ത് പരാതികൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നുണ്ട്. വിജിലൻസിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഓരോ വർഷവും വിജിലൻസ് ബോധവത്കരണ വാരാചരണം നടത്തുന്നുണ്ട്. വിജിലൻസ് വകുപ്പ് സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുന്നതിനായി വിജിലൻസ് ആസ്ഥാനത്ത് സോഷ്യൽ മീഡിയാ സെല്ലും പ്രവർത്തിക്കുന്നു.
നേരിടേണ്ടത് കർശന നടപടി
അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിച്ച് ഡോസിയർ ആൻഡ് സസ്‌പെക്ടഡ് ഓഫീസേഴ്സ് സർവീസ് ഷീറ്റ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ ഉൾപ്പെടുത്തി അവരുടെ പ്രവർത്തനങ്ങൾ നിശ്ചിത ഇടവേളകളിൽ പരിശോധിച്ച് തുടർനടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. വിജിലൻസ് കേസുകളിലും അന്വേഷണങ്ങളിലും ഉൾപ്പെട്ട അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്യൂട്ടിൽ ശേഖരിച്ച് തുടർനടപടികളും സ്വീകരിക്കുന്നു. ഡിജിറ്റൽ പണമിടപാടായി കൈകൂലി സ്വീകരിച്ചവർക്കും മദ്യം പാരതോഷികമായി കൈപ്പറ്റിയവർക്കുമെതിരെ വിജിലൻസ് സ്വീകരിച്ചുവരുന്ന കർശന നടപടികൾ ഉദ്യോഗസ്ഥരിൽ ഭയം ജനിപ്പിച്ചിട്ടുണ്ട്.