തൊഴിലുറപ്പ് നിയമം: സമരത്തിന് സി.പി.എം

Monday 19 January 2026 2:07 AM IST

തിരുവനന്തപുരം :തൊഴിൽ അവകാശമാക്കിയിരുന്ന മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമത്തെ ഇല്ലായ്മ ചെയ്ത് പുതിയ നിയമം നടപ്പാക്കിയതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ .ബേബി പറഞ്ഞു.മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ആരംഭിച്ച് ഫെബ്രുവരി 5ന് അവസാനിക്കുന്ന തരത്തിൽ ഒരാഴ്ചക്കാലം ക്യാമ്പയിൻ നടത്തും.

നാല് ലേബർ കോഡുകൾ വിജ്ഞാപനം ചെയ്തതിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ഫെബ്രുവരി 12ന് ആഹ്വാനം ചെയ്ത പൊതു പണിമുടക്കിന് കേന്ദ്ര കമ്മിറ്റി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കേരളം, പശ്ചിമ ബംഗാൾ, തമിഴ് നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായുള്ള പാർട്ടിയുടെ തയ്യാറെടുപ്പും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. പാർലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയെന്ന നിലയിൽ ,ഫെഡറലിസത്തെ അട്ടിമറിക്കാൻ നടത്തപ്പെടുന്ന നീക്കങ്ങളെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് വരുത്തുന്ന വീഴ്ചയെ വിമർശിച്ചു.

ബംഗാളിൽ, തൃണമൂൽ കോൺഗ്രസിന്റേയും, ബി.ജെ.പിയുടേയും പരാജയത്തിനായി പാർട്ടി പ്രവർത്തിക്കും. അവർക്കെതിരെ പ്രവർത്തിക്കാൻ സന്നദ്ധരായ എല്ലാവരെയും ഒന്നിച്ചു ചേർക്കും. തമിഴ് നാട്ടിൽ ഡി.എം.കെയുടേയും സഖ്യകക്ഷികളുടേയും ഒപ്പം മത്സരിക്കും. അസമിൽ രൂക്ഷമായ വർഗ്ഗീയ വിഭജനം നടത്തുന്ന ബി.ജെ.പി സർക്കാരിനെ പരാജയപ്പെടുത്തുന്നതിന് എല്ലാ ബി.ജെ.പി വിരുദ്ധ പാർട്ടികളെയും സംഘടിപ്പിക്കും. പുതുച്ചേരിയിൽ ബി.ജെ.പി മുന്നണി സർക്കാരിനെ പരാജയപ്പെടുത്താനായി പ്രവർത്തിക്കും