കഷായത്തിനും ക്യു.ആർ കോഡ്! ആകെ കുഴങ്ങി രോഗികൾ
ആലപ്പുഴ: ആയുർവേദ ആശുപത്രി സേവനങ്ങൾ ഡിജിറ്റലാകുകയും നിലവാരം ഉയർത്തുകയും ചെയ്തപ്പോൾ മറുവശത്ത് ഡിജിറ്റൽ ടൂളുകൾ ഉപയോഗിക്കാൻ അറിയാതെ വയോധികരടക്കമുള്ള രോഗികൾ വെട്ടിലായി. ആശുപത്രികളിൽ ക്യു.ആർ കോഡുകൾ രോഗികളുടെ ചെക്ക്-ഇൻ, അപ്പോയിന്റ്മെന്റുകൾ, പേയ്‌മെന്റുകൾ, രോഗികളുടെ വിവരങ്ങൾ (മെഡിക്കൽ റെക്കാഡുകൾ), മരുന്നുകളുടെ ട്രാക്കിംഗ്, രോഗികൾക്കുള്ള വിവരങ്ങൾ നൽകൽ എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്. അതത് ദിവസം ചികിത്സയ്ക്കെത്തുന്ന രോഗികളുടെ എണ്ണം കൃത്യമായി അറിയുന്നതിനായി ആധാർ വിവരങ്ങൾ കൈമാറിക്കൊണ്ടുള്ള ക്യു.ആർ കോഡ് സ്കാനിംഗ് ആയുഷ് മിഷൻ നിർബന്ധമാക്കിയതോടെയാണ് രോഗികളിൽ പലരും കുഴപ്പത്തിലായത്. എല്ലാ ദിവസവും ചികിത്സ തേടുന്ന വിവരങ്ങൾ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് കൃത്യമായി കൈമാറണമെന്നത് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശമാണ്. എന്നാൽ ആയുർവേദ ചികിത്സ തേടുന്നവരിൽ വലിയ ശതമാനവും പ്രായമേറിയവാണ്. ഇവരിൽ ഭൂരിപക്ഷത്തിനും സ്മാർട്ട് ഫോണുകളോ, ഡിജിറ്റൽ സാക്ഷരതയോ ഇല്ല. ഇത്തരക്കാരെ സഹായിക്കാനായി ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യ വിഭാഗം അവകാശപ്പെടുമ്പോഴും, ക്യു.ആർ കോഡ് സ്കാനിംഗ് നടക്കാത്തതിന്റെ പേരിൽ ചികിത്സ വൈകിയതിന്റെ കഥയാണ് പല രോഗികൾക്കും പറയാനുള്ളത്. കോഡ് സ്കാൻ ചെയ്യാൻ സാധിക്കാത്ത രോഗികളെ, മറ്റ് എല്ലാ രോഗികളെയും പരിശോധിച്ച ശേഷം മാത്രം പേപ്പറിൽ ഒ.പി ടിക്കറ്റ് നൽകിയാണ് പ്രവേശനം നൽകുന്നതെന്ന് രോഗികൾ പരാതിപ്പെട്ടു. ജില്ലയിൽ എല്ലാ ഡിസ്പെൻറികളിലുമടക്കം ക്യു.ആർ കോഡ് സജ്ജാമാക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
സ്മാർട്ട് ഫോണില്ലെങ്കിൽ പെട്ടു
# രോഗികൾക്കും ജീവനക്കാർക്കും സമയം ലാഭിക്കാനും, വിവരങ്ങൾ പൂർണമായി ഡിജിറ്റലാക്കാനും സാധിക്കുന്ന സംവിധാനത്തെക്കുറിച്ച് രോഗികൾക്കുൾപ്പടെ അഭിപ്രായവ്യത്യാസമില്ല
# വിവരങ്ങൾ ഡിജിറ്റലാകുന്നതോടെ രോഗികൾക്ക് ആരോഗ്യ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയും ചികിത്സയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.എന്നാൽ, ഇവ ഒറ്റയടിക്ക് നടപ്പാക്കാൻ ശ്രമിക്കുമ്പോഴാണ് രോഗികൾ ബദ്ധിമുട്ടിലാകുന്നത്
# സ്മാർട്ട് ഫോണില്ലാത്തതിനാൽ കോഡ് സ്കാൻ ചെയ്യാനാകുന്നില്ല. ഏറ്റവും അവസാനമേ ഡോക്ടറെ കാണാൻ സാധിക്കുന്നുള്ളു.റെയ്ഞ്ച് തകരാർ മൂലം ക്യു. ആർ കോഡ് സ്കാനിംഗ് നടക്കാതെ വന്നാലും രോഗികൾ കുഴയും
ജില്ലയിൽ
ക്യു.ആർ കോഡ്
ആശുപത്രികൾ :11
ഡിസ്പെൻസറികൾ : 2
മൊബൈൽ റേഞ്ച് തകരാർ കാരണം ക്യു.ആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കാതെ വന്നതിനാൽ ഡോക്ടറെ കാണാൻ സാധിച്ചില്ല. ഇത്തരം നിബന്ധനകൾ പ്രായമേറിയവർക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.
-രോഗികൾ
ചികിത്സതേടുന്ന രോഗികളുടെ വിവരങ്ങളിൽ കൃത്യതയുണ്ടാകാനാണ് ക്യു.ആർ കോഡ് സ്കാനിംഗ് നിർബന്ധമാക്കിയിരിക്കുന്നത്. എല്ലാ സെന്ററുകളിലും രോഗികൾക്ക് സഹായത്തിനായി സ്റ്റാഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്
- ഡി.എം.ഒ, ആയുർവേദം