ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്‌ക്കല്ല,​ കൂട്ടിന് നായ്ക്കൂട്ടമുണ്ട്‌

Monday 19 January 2026 8:02 AM IST

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങുന്നവർക്കും കയറുന്നവർക്കും ഒന്ന് അനങ്ങണമെങ്കിൽ പ്ലാറ്റ്ഫോമിൽ തമ്പടിച്ചുകിടക്കുന്ന

ഡസൻ കണക്കിന് നായ്ക്കൾ കനിയണം. ഭാഗ്യമുണ്ടെങ്കിൽ കടിയേൽക്കാതെ രക്ഷപ്പെടാം. ആട്ടിയോടിക്കാൻ നോക്കിയാൽ കൂട്ടത്തോടെയാവും ആക്രമണം. ട്രെയിൻ കാത്ത് നിൽക്കുന്നവരുടെ കാൽക്കീഴിൽ മുട്ടിയുരുമ്മിയാണ് തെരുവുനായ്ക്കൾ നിൽപ്പും കിടപ്പും. ട്രെയിനിറങ്ങുന്നവർ ഇവറ്റയെ ചവിട്ടാതെ വേണം പ്ലാറ്റ്ഫോം കടക്കാൻ. കഴിഞ്ഞ ആറുമാസത്തിനിടെ മുപ്പതിൽ അധികം പേർക്ക് ഇവിടെ കടിയേറ്റിട്ടുണ്ട്. ഇത് സ്റ്റേഷനിലെ സുരക്ഷയിൽ ആശങ്കയുണർത്തുന്നു. തെരുവ്നായ്ക്കൾ യാത്രക്കാരുടെ സ്റ്റേഷനിൽ ഇരിപ്പിടങ്ങളിൽ കയറിക്കിടക്കുന്നതും ആക്രമിക്കുന്നതും പതിവാണ്. നായ്ക്കൾ ട്രെയിനൊപ്പം ഓടുന്നതും പ്ലാറ്റ്ഫോമിലെ യാത്രക്കാരെ ഭയപ്പെടുത്തുന്ന തരത്തിലാണ്. കടിയേൽക്കുന്ന പലരും യാത്രമുടക്കി പ്രതിരോധ കുത്തിവയ്പ്പിനായി ആശുപത്രികളെ ആശ്രയിക്കുന്നത് പതിവാണ്. റെയിൽവേ സ്റ്റേഷൻ പരിസരത്തും തെരുവുനായ്ക്കൾ കൂട്ടത്തോടെ വിഹരിക്കുകയാണ്. സ്ഥലം എം.എൽ.എയുടെ ഭാര്യയുടെ നേർക്ക് അക്രമകാരിയായ നായ അടുത്തിടെ പാഞ്ഞടുത്തിരുന്നു.

ട്രെയിൻ കാത്തിരിക്കുന്ന ബഞ്ചിന് കീഴിൽ കിടന്ന നായയുടെ കടിയേൽക്കാതെ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. എവിടെ തിരിഞ്ഞാലും നായ്ക്കൾ കൂട്ടത്തോടെ നിൽക്കുന്ന കാഴ്ചയാണ്. പരാതി നൽകിയാലും ഫലമില്ല

- യാത്രക്കാർ