വേൾഡ് ക്ളാസ് ടോയ്ലറ്റ് പദ്ധതി എങ്ങുമെത്തിയില്ല
ആലപ്പുഴ : വിനോദസഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ലാതെ നാറ്റക്കേസായിട്ടും ആലപ്പുഴ ബീച്ചിലെ വേൾഡ് ക്ളാസ് ടോയ്ലറ്റ് പദ്ധതി വൈകുന്നു.വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ടോയ്‌ലറ്റ് സംവിധാനത്തിനായി വിനോദസഞ്ചാര വകുപ്പ് പദ്ധതി സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞെങ്കിലും പണം അനുവദിക്കുകയോ, ടെണ്ടർ നടപടികൾ ആരംഭിക്കുകയോ ചെയ്തിട്ടില്ല.
സാഹസിക ടൂറിസം പദ്ധതികളുടെയും ദേശീയപാത വികസനത്തിന്റെയും ഭാഗമായി ആലപ്പുഴ ബൈപ്പാസിൽ നിന്ന് ബീച്ചിലേക്കിറങ്ങാനുള്ള സൗകര്യം സജ്ജമാക്കുന്നതിന്റെ ഭാഗമായി, ഭാവിയിലെ തിരക്ക് കണക്കിലെടുത്താണ് വേൾഡ് ക്ളാസ് ടോയ്ലറ്റ് പദ്ധതിയിൽ ആലപ്പുഴയെ ഉൾപ്പെടുത്തിയത്. ലോകത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന ബീച്ചുകളിലൊന്നാണ് ആലപ്പുഴയിലേത്. ബൈപ്പാസിനോടും നഗരത്തോടും ചേർന്നുകിടക്കുന്ന, വിശാലമായ കടൽതീരത്തോട് കൂടിയ ബീച്ചിൽ നൈറ്റ് ലൈഫ് ടൂറിസം ഉൾപ്പടെ വിവിധങ്ങളായ വിനോദ സഞ്ചാര വികസന പദ്ധതികളാണ് ടൂറിസം വകുപ്പും ജില്ലാടൂറിസം പ്രമോഷൻ കൗൺസിലും നടപ്പിലാക്കി വരുന്നത്. കടൽത്തിരയിൽ തെന്നിപ്പായുന്ന വാട്ടർ സ്പോർട്സ് ഇനങ്ങൾ വന്നതോടെ ബീച്ചിലെ സഞ്ചാരികളുടെ വരവ് ഇരട്ടിയായിട്ടുണ്ട്. ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും കടലിലെ കുളികഴിഞ്ഞ് വസ്ത്രം മാറാനും ഉൾപ്പടെയുള്ള സൗകര്യങ്ങളില്ലാത്തത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വേൾഡ് ക്ളാസ് ടോയ്ലറ്റ് സമുച്ചയം യാഥാർത്ഥ്യമാകുന്നതോടെ സഞ്ചാരികളുടെ ഇത്തരം ദുരിതങ്ങൾക്കെല്ലാം പരിഹാരമാകും.
ചെലവ് :
75 ലക്ഷം
നാറ്റക്കേസായി ആലപ്പുഴ ബീച്ച്
1. ഉപയോഗശേഷം വൃത്തിയാക്കുന്നതിലെ വീഴ്ചയാണ് ടോയ്ലെറ്റുകളെ നാറ്റക്കേസാക്കുന്നത്. എന്നാൽ, വേൾഡ് ക്ളാസ് ടോയ്ലെറ്റ് കോംപ്ളക്സിൽ കാര്യങ്ങൾ ഹൈടെക്കാണ്
2. പഞ്ചനക്ഷത്ര ഹോട്ടലുകളിലേതുപോലെ സെൻസർ സംവിധാനത്തിലാണ് മൂത്രപ്പുരയും വാഷ് ഏരിയ ഉൾപ്പടെ പ്രവർത്തിക്കുക. വാട്ടർ ക്ലോസറ്റ്, ഹാൻഡ് ഡ്രയർ തുടങ്ങിയ ആധുനിക സംവിധാനങ്ങളാണ് മറ്റുപ്രത്യേകതകൾ
3. സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകമാണ് ടോയ്‌ലറ്റ് ഒരുക്കുന്നത്. കക്കൂസ്, മൂത്രപ്പുര, ബേബി കെയർ റൂം, ഷവർ റൂം, റസ്റ്റ് റൂം തുടങ്ങിയ സൗകര്യങ്ങളും ടോയ്‌ലറ്റ് സമുച്ചയത്തിലുണ്ടാകും
4. സംസ്ഥാനത്ത് ആദ്യമായി പൂക്കോട് തടാകം, കാരാപ്പുഴ അണക്കെട്ട് എന്നിവിടങ്ങളിൽ വേൾഡ് ക്ളാസ് ടോയ്ലറ്റ് കോംപ്ലക്സുകൾ പ്രവർത്തനസജ്ജമായിക്കഴിഞ്ഞു
പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. ഉടൻ ടെണ്ടർ ചെയ്യും
- പ്ളാനിംഗ് വിഭാഗം, വിനോദ സഞ്ചാര വകുപ്പ്