കാണാതായ വാഴക്കുലയെ ചൊല്ലി തര്‍ക്കം; ബംഗ്ലാദേശില്‍ ഹിന്ദു വ്യാപാരിയെ തല്ലിക്കൊന്നു
ധാക്ക: ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമം വര്‍ദ്ധിച്ച് വരുന്ന ബംഗ്ലാദേശില്‍ ഒരു ഹിന്ദു കൂടി കൊല്ലപ്പെട്ടു. ഒരു വാഴക്കുല കാണാതായതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ചേര്‍ന്നാണ് വ്യാപാരിയെ കൊലപ്പെടുത്തിയത്. ഗാസീപൂരിലെ കാളീഗഞ്ച് എന്ന സ്ഥലത്താണ് സംഭവം. ലിറ്റണ്‍ ചന്ദ്ര ഘോഷ് എന്ന വ്യാപാരിയാണ് കൊല്ലപ്പെട്ടത്. ബൈശാഖി സ്വീറ്റ്മീറ്റ് ഹോട്ടല്‍ നടത്തിവരികയായിരുന്നു ഇദ്ദേഹം.
സ്വപന്‍ മിയ, ഭാര്യ മാജിദ ഖാതൂന്‍, മകന്‍ മസൂം മിയ എന്നിവരെ കസ്റ്റഡിയിലെടുത്തു. മസൂമിന്റെ വാഴത്തോട്ടത്തില്‍നിന്ന് കാണാതായ വാഴക്കുല ലിട്ടണ്‍ ഘോഷിന്റെ കടയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. രാജ്യത്തെ ഹിന്ദുവിരുദ്ധ അക്രമങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്.
ഏതാനും ആഴ്ചകളായി ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ ഉള്‍പ്പെടെ ബാധിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ത്യയില്‍ ലോകകപ്പ് കളിക്കാന്‍ എത്തുന്ന കാര്യം ഉള്‍പ്പെടെ പ്രതിസന്ധിയിലാണ്. അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ബംഗ്ലാ പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായത്.
മുസ്താഫിസുറിനെ പുറത്താക്കിയതിന് മറുപടിയായി ഐപിഎല്‍ സംപ്രേഷണം ബംഗ്ലാദേശില്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വന്റി 20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാറ്റണം എന്ന ആവശ്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഉന്നയിച്ചത്. ഇക്കാര്യം പരിഗണിക്കാന്‍ കഴിയില്ലെന്ന് ഐസിസി അറിയിച്ചുവെങ്കിലും നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബിസിബി.