'മുംബയ്'യിൽ അധികാര തർക്കം; ആദ്യ രണ്ടര വർഷം മേയർ പദവി ആവശ്യപ്പെട്ട് ശിവസേന
ന്യൂഡൽഹി: മുംബയ് മുനിസിപ്പൽ കോർപ്പറേഷനിൽ (ബി.എം.സി) വൻവിജയം നേടിയ ബി.ജെ.പി-ശിവസേന (ഷിൻഡെ) പക്ഷത്തിൽ മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി പദവികളെ ചൊല്ലി തർക്കം. ആദ്യ രണ്ടര വർഷം മേയർ പദവി തങ്ങൾക്ക് വേണമെന്ന് ശിവസേന ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. സാമ്പത്തികാധികാരങ്ങളുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവികളിലും അവർ കണ്ണുവയ്‌ക്കുന്നു. ചരിത്രത്തിലാദ്യമായി മുംബയിൽ ബി.ജെ.പി മേയർ വരുമെന്ന പ്രതീക്ഷയ്‌ക്കിടെയാണ് കല്ലുകടിയായി ശിവസേനയുടെ അവകാശവാദം. തർക്കത്തിനിടെ ശിവസേന തങ്ങളുടെ 29 നിയുക്ത കൗൺസിലർമാരെ ഹോട്ടലിലേക്ക് മാറ്റി. 227 അംഗ കോർപ്പറേഷനിൽ 89 സീറ്റുമായി വലിയ കക്ഷിയാണെങ്കിലും 29 സീറ്റുള്ള ശിവസേന പിന്തുണച്ചാലേ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമായ 114 സീറ്റുറപ്പിച്ച് മേയറെ തിരഞ്ഞെടുക്കാനാകൂ. ആദ്യ രണ്ടര വർഷത്തേക്ക് മേയർ സ്ഥാനം ആവശ്യപ്പെടുമെന്ന് സേന കോർപ്പറേറ്റർ അമേ ഘോൾ പറഞ്ഞു. രണ്ട് വർഷത്തേക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ലഭിക്കണം.
തോൽവിയിൽ
പുകഞ്ഞ് കോൺ.
തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം കോൺഗ്രസിൽ കുറ്റപ്പെടുത്തൽ തുടരുന്നു. നല്ല സഖ്യങ്ങളുടെ അഭാവവും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് തോൽവിക്ക് കാരണമെന്ന് പല നേതാക്കളും തുറന്നടിച്ചു. ചിലർ പി.സി.സി പ്രസിഡന്റ് വർഷ ഗെയ്ക്‌വാദിന്റെ രാജി ആവശ്യപ്പെട്ടു. എം.എൽ.സി ഭായ് ജഗ്‌താപിന് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകി. താനെ സിറ്റി കോൺഗ്രസ് പ്രസിഡന്റ് വിക്രാന്ത് ചവാൻ രാജിവച്ചു. എൻ.സി.പികൾ തമ്മിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണ ഫെബ്രുവരി 5 ന് നടക്കുന്ന ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പുകളിലും തുടർന്നേക്കും. ഉപമുഖ്യമന്ത്രി അജിത് പവാർ കഴിഞ്ഞ ദിവസം ബാരാമതിയിൽ അമ്മാവൻ ശരദ് പവാറിനെ കണ്ടിരുന്നു. ശരദിന്റെ മകളും ബാരാമതി എം.പിയുമായ സുപ്രിയ സുലെയുടെ നേതൃത്വത്തിലും ചർച്ചകൾ നടക്കുന്നു.
'ബി.ജെ.പിയെ
ഭയന്നിട്ടല്ല'
നിയുക്ത കൗൺസിലമാർരെ ഹോട്ടലിലേക്ക് മാറ്റിയത് ബി.ജെ.പിയെ ഭയന്നിട്ടാണെന്ന വാർത്ത നിഷേധിച്ച ശിവസേന, പരിശീലനമാണ് ലക്ഷ്യമെന്ന് വിശദീകരിച്ചു. മുംബയിൽ മഹായുതി മേയർ വരുമെന്നും ഏക്‌നാഥ് ഷിൻഡെയുമായി ചർച്ച ചെയ്‌ത് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഫഡ്‌നാവിസ് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ ദാവോസിൽ പോയതിനാൽ തീരുമാനം വൈകും.
മുംബയ്‌യെ പണയപ്പെടുത്താനുള്ള നീക്കമാണ് ബി.ജെ.പിയുടേത്. ശിവസേനക്കാരെ ഉപയോഗിച്ചശേഷം ബി.ജെ.പി വലിച്ചെറിയും. പേരിനെയും ചിഹ്നത്തെയും സംബന്ധിച്ച സുപ്രീംകോടതി കേസിൽ അനുകൂല വിധിയുണ്ടാകും.
- ഉദ്ധവ് താക്കറെ
ശിവസേന (ഉദ്ധവ്) നേതാവ്