'ഭരണഘടന, ജനാധിപത്യം, എന്നിവ സംരക്ഷിക്കണം'; ചീഫ് ജസ്റ്റിസിനോട് മമതയുടെ അഭ്യർത്ഥന
ന്യൂഡൽഹി: ഭരണഘടന, ജനാധിപത്യം, ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കണമെന്നും അന്വേഷണ ഏജൻസികൾ പൗരന്മാരെ ലക്ഷ്യമിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് സുര്യകാന്തിനോട് അഭ്യർത്ഥിച്ച്
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്ത ഹൈക്കോടതിയുടെ പുതിയ ജൽപായ്ഗുഡി സർക്യൂട്ട് ബെഞ്ച് കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് സംഭവം. തൃണമൂലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഏജൻസി ഐ-പാകിനെതിരായ റെയ്ഡ് തടയാൻ മമത ശ്രമിച്ചെന്ന ഇ.ഡി കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണിത്. ചീഫ് ജസ്റ്റിസ് ഭരണഘടനയുടെ കാവൽക്കാരനാണ്. ജുഡിഷ്യറി പക്ഷപാതരഹിതമായി തുടരണം. കോടതികൾ വിധി പുറപ്പെടുവിക്കുന്നതിന് മുമ്പുള്ള പരസ്യമായ മാദ്ധ്യമ വിചാരണകൾ തടയണമെന്നും മമത ആവശ്യപ്പെട്ടു. മാദ്ധ്യമ വിചാരണകൾ ആളുകളെ അപകീർത്തിപ്പെടുത്താനുള്ള ഒരു ഉപകരണമായി മാറിയിരിക്കുന്നു.
ഏജൻസികൾ മനഃപൂർവ്വം പൗരന്മാരെ അപകീർത്തിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട മമത താൻ സ്വന്തം കാര്യമല്ല പറയുന്നെന്നും വിശദീകരിച്ചു. ജനാധിപത്യത്തെയും ജനങ്ങളെയും നീതിന്യായ വ്യവസ്ഥയെയും ഭരണഘടനയെയും സംരക്ഷിക്കാനാണ് ഇത് പറയുന്നത്. ഞങ്ങളെല്ലാം കോടതിയുടെ രക്ഷാകർതൃത്വത്തിലാണ്. ആരും കോടതിക്ക് മുകളിലല്ല.
ജൂനിയർ അഭിഭാഷകർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും പുതിയ തലമുറ അഭിഭാഷക വൃത്തിയിലേക്ക് കടന്നു വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര ധനസഹായം കിട്ടുന്നില്ലെങ്കിലും സംസ്ഥാന സർക്കാർ അതിവേഗ കോടതികൾ തുടങ്ങുന്നു.