ടോയ്‌ലറ്റ് പേപ്പറിൽ ബോംബ് ഭീഷണി, വിമാനം തിരിച്ചിറക്കി

Monday 19 January 2026 12:41 AM IST

ന്യൂഡൽഹി: ബോംബ് ഭീഷണിയെത്തുടർന്ന് ഡൽഹിയി- ബാഗ്‌ഡോഗ്ര ഇൻഡിഗോ വിമാനത്തിന് ലക്നൗവിൽ അടിയന്തര ലാൻഡിംഗ്. വിമാനത്തിന്റെ ടോയ്ലെറ്റിൽ ടിഷ്യു പേപ്പറിൽ ഭീഷണി സന്ദേശം കണ്ടതെടെ ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. 'വിമാനത്തിൽ ബോംബുണ്ട്' എന്ന് കൈപ്പടയിലെഴുതിയ ഭീഷണി സന്ദേശമാണ് കണ്ടത്. തുടർന്ന് കാബിൻ ക്രൂ പൈലറ്റിനെ അറിയിക്കുകയും വിവരം എയർ ട്രാഫിക് കൺട്രോളിന് (എ.ടി.സി) കൈമാറുകയുമായിരുന്നു. തുടർന്ന് 9.17 ന് വിമാനം ലക്‌നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി ഐസൊലേഷൻ ബേയിലേക്ക് മാറ്റി. വിമാനത്തിന്റെ ലഗേജ് കമ്പാർട്ടുമെന്റിൽ ക്യാൻസർ ചികിത്സയ്‌ക്കുള്ള റേഡിയോ ആക്ടീവ് വസ്തുക്കൾ ഉണ്ടായിരുന്നെങ്കിലും അപകടകാരിയല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. വിമാനത്തിൽ 222 യാത്രക്കാരും എട്ട് കുട്ടികളും രണ്ട് പൈലറ്റുമാർ അടക്കം അഞ്ച് ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു.