ഗോത്രകലകള്‍ : പാരമ്പര്യം പടിക്ക് പുറത്ത്
തൃശൂർ: കാടിനെ അമ്മയായി കണ്ടും, മലകളെ ദൈവങ്ങളായി വിശ്വസിച്ചും, പൂർവികരെ രക്ഷകരായി കരുതിയുമിരുന്ന പുരാതന ആചാരാവിഷ്‌കാരമാണ് ഗോത്ര നൃത്തങ്ങൾ. തീണ്ടാപ്പാടകലെ നിറുത്തിയ ശേഷം, സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ മത്സരയിനമായി എത്തിയപ്പോൾ ഗോത്രസമൂഹങ്ങളുടെ ശബ്ദം പൊതുമണ്ഡലത്തിലേക്ക് ഉയർന്നു. കിർത്താഡ്‌സ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാനുവൽ പരിഷ്‌കരിച്ചാണ് ഗോത്രകലകളെ ഉൾപ്പെടുത്തിയത്. മംഗലംകളി, പണിയ നൃത്തം, ഇരുള നൃത്തം, പളിയ നൃത്തം, മലപ്പുലയ ആട്ടം മത്സരയിനങ്ങളായി. എന്നാൽ അംഗീകാരത്തോടൊപ്പം ചില ചോദ്യങ്ങളും കലോത്സവ വേദിയിൽ മുഴങ്ങുന്നു. വിജയിക്കുന്ന ടീമുകൾ അവതരിപ്പിക്കുന്നത് യഥാർത്ഥ ഗോത്രകലകളാണോ? നീതിപൂർവമാണോ വിധിനിർണയം?.
തെറ്റ് പഠിപ്പിക്കരുത് !
പളിയ നൃത്ത ടീമുകളുടെ പരിശീലകനും പളിയ സമുദായാംഗവുമായ ഫോറസ്റ്റ് ഗാർഡ് പ്രശാന്ത് തുറന്നുപറയുന്നു: ''നമ്മുടെ എല്ലാ ആഘോഷങ്ങൾക്കും ഈ നൃത്തം അനിവാര്യമാണ്. തനിമയോടെയാണ് പരിശീലനം നൽകുന്നത്. എന്നാൽ കലോത്സവത്തിൽ വിട്ടുവീഴ്ചകൾ വരുന്നു. പെൺകുട്ടികൾ മാത്രമുള്ള സംഘങ്ങളും ആൺകുട്ടികൾ മാത്രമുള്ള സംഘങ്ങളുമാണ് വേദിയിലെത്തുന്നത്. പക്ഷേ സ്ത്രീ പുരുഷന്മാർ ഒരുമിച്ച് ചുവടുവയ്ക്കുന്ന കലയാണിത്''
തനത് പരിശീലകർ പുറത്ത്
നാലു ജില്ലാ ടീമുകൾക്ക് മാത്രമാണ് പളിയ സമുദായാംഗങ്ങൾ പരിശീലനം നൽകിയത്. ബാക്കിയുള്ളവരെ വിവിധ നൃത്താദ്ധ്യാപകരാണ് പരിശീലിപ്പിച്ചത്. യൂട്യൂബ് വീഡിയോകൾ റഫറൻസാക്കി, വാദ്യങ്ങളും ചുവടുകളും മാറ്റി ഗോത്രകല എന്ന പേരിൽ കുട്ടികളെ പഠിപ്പിക്കുന്നത് അനീതിയാണെന്ന വിമർശനം ശക്തമാണ്.
നീതി ഇതാണോ ?
''ഞങ്ങളുടെ കലയെ പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയ സന്തോഷം. പളിയ നൃത്തം ഒരു മത്സര ഇനം മാത്രമല്ല, ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. അതിന്റെ തനിമ നഷ്ടപ്പെടാതെ കുട്ടികളെ പഠിപ്പിക്കാനും വേദിയിലെത്തിക്കാനുമാണ് ശ്രമം. തനതായ രൂപം കാത്തുസൂക്ഷിച്ചാലേ ഈ അംഗീകാരത്തിന് അർത്ഥമുണ്ടാകൂ.''
വൃന്ദ
പരിശീലക, പളിയ സമുദായാംഗം