റോഡ് ടാറിംഗിനിടെ വനിത ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം

Monday 19 January 2026 12:46 AM IST

കൊല്ലം: റോഡ് ടാറിംഗിന് മേൽനോട്ടം വഹിച്ച് രാത്രി ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥർക്കിടയിലേക്ക് യുവാക്കൾ ജീപ്പ് ഓടിച്ച് കയറ്റി. സംഘത്തിലെ യുവാവ് വനിതാ എൻജിനിയറെ കടന്നുപിടിച്ച ശേഷം എടുത്തുയർത്തുകയും ചെയ്തു. സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

ശാസ്താംകോട്ട- ആഞ്ഞിലിമുട് പ്രധാന പാതയിൽ കഴിഞ്ഞ ദിവസം രാത്രി 10നായിരുന്നു സംഭവം. വെറ്റമുക്ക്- താമരക്കുളം കിഫ്ബി പദ്ധതിയിലെ ടാറിംഗിനു മേൽനോട്ടം വഹിക്കുന്ന കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർ, അസിസ്‌റ്റന്റ് എൻജിനീയർമാർ, സൂപ്പർ വൈസർമാർ എന്നിവരടങ്ങുന്ന ഏഴംഗ വനിതാ സംഘത്തിനുനേരെയാണ് ആക്രമണം നടന്നത്. വാഹന നിയന്ത്രണ സംവിധാനങ്ങൾ മറികടന്ന്, ടാറിംഗ് നടക്കുന്ന സ്ഥലത്തേക്ക് ജീപ്പ് ഓടിച്ചു കയറ്റുകയായിരുന്നു. വനിതകൾ ഓടി മാറിയതോടെ യുവാവ് പുറത്തിറങ്ങി പ്രകോപനം സൃഷ്ട‌ിച്ചു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ച അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ കടന്നു പിടിച്ച് എടുത്ത് ഉയർത്തി. ഫോണും തട്ടിയെടുത്തു. രക്ഷതേടി വിളിച്ചപ്പോൾ പൊലീസെത്തി പരാതി ഉണ്ടങ്കിൽ സ്റ്റേഷനിൽ എഴുതി നൽകാൻ പറഞ്ഞ് മടങ്ങി. രാത്രി പത്തരയോടെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെത്തിയ എൻജിനീയർമാർ പരാതി എഴുതി നൽകി.

ഇതിനിടെ അക്രമി സംഘത്തിലെ ചിലർ ‌സ്റ്റേഷൻ പരിസരങ്ങളിൽ എത്തിയിരുന്നു. റോഡിൽ തിരിച്ചെത്തിയ ഉദ്യോഗസ്‌ഥർ ടാറിംഗ് പൂർത്തിയാക്കി പുലർച്ചെ മടങ്ങി. എന്നാൽ ഇതിനിടെ ഒരിക്കൽപോലും പൊലീസ് സ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണമുണ്ട്.