ഉപചാരം ചൊല്ലി പിരിഞ്ഞ് കൗമാരോത്സവം

Monday 19 January 2026 12:46 AM IST

തൃശൂർ : ആസ്വാദക ലക്ഷങ്ങൾ നെഞ്ചേറ്റിയ കൗമാര കലോത്സവം ഉപചാരം ചൊല്ലി പിരിഞ്ഞു. സംഘാടക മികവിൽ ഒന്നാമതെത്തിയെങ്കിലും സ്വർണക്കപ്പ് നിലനിറുത്താൻ ആതിഥേയർക്കായില്ല. അഞ്ച് ദിവസത്തിനുള്ളിൽ 25 ഓളം വേദികളിലായി ചുരുങ്ങിയത് അഞ്ച് ലക്ഷത്തിലേറെ പേരെങ്കിലും പൂരനഗരിയിലെത്തി. ഉത്തരവാദിത്വ കലോത്സവമെന്ന ഈ വർഷത്തെ കലോത്സവത്തിന്റെ ആപ്തവാക്യം യാഥാർത്ഥ്യമാക്കുന്നതായിരുന്നു സംഘാടനം.

ജനപങ്കാളിത്തം തന്നെയായിരുന്നു വിജയത്തിന് പിന്നിൽ. പ്രധാന വേദി എല്ലാ ദിവസവും ജനനിബിഢമായിരുന്നു. മോഹൻലാലിന്റെ സാന്നിദ്ധ്യം കൂടിയായതോടെ തിരക്ക് നിയന്ത്രണാതീതമായി. നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപ്പെട്ടു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആൺകുട്ടികളുടെ ഭരതനാട്യത്തിൽ തുടർച്ചയായി നാലാം തവണയും എ ഗ്രേഡ് നേടിയ സച്ചുവിന് വീടുവച്ചു നൽകുമെന്ന പ്രഖ്യാപനവും കലാ മാമാങ്കത്തിന്റെ മാറ്റുകൂട്ടി. കൗമുദിയാണ് സച്ചുവിന്റെ ദുരിതം പുറത്ത് കൊണ്ടു വന്നത്. 21 അക്കോമഡേഷൻ സെന്ററുകളാണ് ഒരുക്കിയിരുന്നത്. കലോത്സവത്തിന്റെ ഊട്ടുപുര ദിവസവും നാല് നേരമായി 60,000 ൽ അധികം പേർക്കാണ് പഴയിടം മോഹനൻ നമ്പൂതിരിയുടെ രുചിയൂറും ഭക്ഷണം വിളമ്പിയത്. മന്ത്രിമാരായ ശിവൻകുട്ടി, സംഘാടക സമിതി ചെയർമാൻ അഡ്വ.കെ.രാജൻ, മന്ത്രി ബിന്ദു, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ.എസ്.കെ.ഉമേഷ്, കളക്ടർ അർജുൻ പാണ്ഡ്യൻ, വിദ്യഭ്യാസ ഉപഡയറക്ടർ ബാലികൃഷ്ണൻ തുടങ്ങിയവർ പൂർണസമയം സംഘാടനത്തിന് നേതൃത്വം നൽകി. തൃശൂർ കലോത്സവത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുമെന്ന് അറിഞ്ഞപ്പോഴേ വൻ വിജയമാകുമെന്ന് പറഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമാപനസമ്മേളനത്തിൽ തന്നെ പ്രശംസിച്ചിരുന്നു.