ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ ഉപദ്രവിച്ച യുവാക്കൾ അറസ്റ്റിൽ

Monday 19 January 2026 12:52 AM IST

കൊച്ചി: ദോശക്കടയിൽ ഭക്ഷണം കഴിക്കാൻ ഭർത്താവിനൊപ്പം എത്തിയ സ്ത്രീയ്ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ യുവാക്കളെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മുളവുകാട് സ്വദേശി ജിപ്സൺ റോഡ്രിഗസ് (40), നായരമ്പലം സ്വദേശി യാസർ അറാഫത്ത് (40) എന്നിവരാണ് പിടിയിലായത്.

എറണാകുളം വീക്ഷണം റോഡിലെ കടയിൽ ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയായ യുവതി ഭക്ഷണം കഴിച്ച ശേഷം ഭർത്താവിനൊപ്പം ബില്ലടയ്ക്കാൻ പുറത്തിറങ്ങുമ്പോഴാണ് പ്രതികൾ ഉപദ്രവിച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത സെൻട്രൽ പൊലീസ് സി.സി ടിവി ക്യാമറകൾ പരിശോധിച്ച് നടത്തിയ വിവരശേഖരണത്തിലാണ് പ്രതികൾ പിടിയിലായത്. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയി, എസ്.ഐമാർ സി. അനൂപ്, എ.ജി.മനോജ്കുമാർ, സർജു, ശ്യാംകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണൻ, ഹരീഷ്, ബാബു, പ്രശാന്ത്, വിനുക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.