പമ്പ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സതേടിയ ഭക്തയുടെ മുറിവിൽ ബ്ളേഡുവച്ച് കെട്ടി
നെടുമ്പാശേരി: ശബരിമല തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനിടെ മുറിവുപറ്റി ചികിത്സതേടിയ ഭക്തയുടെ ഇടതുകാലിൽ പമ്പ ഗവ. ആശുപത്രി ജീവനക്കാരൻ സർജിക്കൽ ബ്ളേഡുവച്ച് കെട്ടിവിട്ടതാതി പരാതി. നെടുമ്പാശേരി മൂഴിക്കുളംശാല ശ്രീലയത്തിൽ ബാലചന്ദ്രന്റെ ഭാര്യ പ്രീതയ്ക്കാണ് (55) ആശുപത്രി ജീവനക്കാരുടെ അനാസ്ഥയുടെ ദുരിതം അനുഭവിക്കേണ്ടി വന്നത്.
കഴിഞ്ഞ 12ന് പന്തളത്തുനിന്ന് ശബരിമലയിലേക്കുപോയ തിരുവാഭരണ ഘോഷയാത്രയിൽ പ്രീതയും സഹോദരൻ തിരുവല്ല സ്വദേശി വിനോദും പങ്കെടുത്തിരുന്നു. റാന്നി ഐരൂർ ദേവീ ക്ഷേത്രത്തിലെത്തിയപ്പോഴേക്കും പ്രീതയുടെ ഇരുകാലുകളിലും മുറിവുണ്ടായി. ഇതേത്തുടർന്ന് അടുത്തദിവസം ബസിൽ പമ്പയിലെത്തി ഗവ. ആശുപത്രിയിൽ ചികിത്സതേടി. 14ന് വീണ്ടും തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം പമ്പയിൽനിന്ന് കാൽനടയായി മലകയറി. 15ന് പുലർച്ചെ നാലിന് പമ്പയിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും ആശുപത്രിയിൽ കയറി മരുന്നുവച്ചുകെട്ടി. 50 വയസിലേറെ പ്രായമുള്ള പുരുഷനാണ് മരുന്നുവച്ചുകെട്ടിയത്.
തുടർന്ന് പമ്പ് സ്റ്റാൻഡിൽനിന്ന് ബസിൽക്കയറി വീട്ടിലെത്തി. കാലിൽ അസ്വസ്ഥത തോന്നിയതിനെത്തുടർന്ന് മുറിവിൽ കെട്ടിയിരുന്ന തുണി അഴിച്ചപ്പോഴാണ് ബ്ളേഡ് കഷണം കണ്ടെത്തിയത്. ഇടതുകാലിന്റെ തള്ളവിരലിനോട് ചേർന്ന് ബ്ളേഡ് പരന്നിരുന്നതിനാൽ മുറിവേറ്റില്ല. തുടർന്ന് പത്തനംതിട്ട ഡി.എം.ഒയെ ബന്ധപ്പെട്ട് പരാതി അറിയിച്ചു. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഡി.എം.ഒ ഉറപ്പ് നൽകിയതായി പ്രീത ബാലചന്ദ്രൻ 'കേരളകൗമുദി'യോട് പറഞ്ഞു.
ദീർഘനാൾ കുടുംബസമേതം യു.പിയിലായിരുന്ന പ്രീത നാട്ടിലെത്തിയശേഷം മൂഴിക്കുളം ക്ഷേത്രത്തിന് സമീപം ഐശ്വര്യലക്ഷ്മി ബോട്ടിക് എന്ന സ്ഥാപനം നടത്തുകയാണ്.