ടി.കെ. ദിവാകരൻ വിടവാങ്ങിയിട്ട് അമ്പതാണ്ട് ................................................................................. മദ്ധ്യാഹ്നത്തിൽ അസ്തമിച്ച കർമ്മസൂര്യൻ

Monday 19 January 2026 1:40 AM IST

ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ കേരള രാഷ്ട്രീയത്തിൽ നടുനായകത്വം വഹിച്ച പ്രാഗത്ഭ്യത്തിന്റെ നിറകുടമായിരുന്നു ടി.കെ. ദിവാകരൻ എന്ന കർമ്മയോഗി. കേരളത്തിന്റെ അടിസ്ഥാന വികസന വിഷയത്തിൽ പല പദ്ധതികൾക്കും തുടക്കം കുറിച്ച ഭരണകർത്താവ് എന്ന നിലയിലാണ് ടി.കെ. ദിവാകരൻ ചരിത്രപുരുഷനാകുന്നത്. സ്വാതന്ത്ര്യ‌സമര സേനാനി,​ സ്റ്റേറ്റ് കോൺഗ്രസിന്റെ പോരാളി, തൊഴിലാളിവർഗ സമുദ്ധാരകൻ, മികച്ച നിയമസഭാ സാമാജികൻ, ദീർഘവീക്ഷണപടുവായ മന്ത്രി എന്നീ നിലകളിൽ അദ്ദേഹം തിളങ്ങി.

സാഹസികനായിരുന്ന ടി.കെ,​ ചെറുപ്രായത്തിൽത്തന്നെ സ്വാതന്ത്ര്യ‌സമര പ്രക്ഷോഭങ്ങളുടെ ഭാഗമാവുകയും, സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രക്ഷോഭങ്ങളിൽ സജീവ പങ്കാളിയാവുകയും ചെയ്തു. രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും തൊഴിലാളി സമരങ്ങളിലും കള്ളക്കേസുകളിലുമായി യൗവനകാലത്ത് അഞ്ചുവർഷത്തോളമാണ് ജയിൽവാസം അനുഭവിക്കേണ്ടിവന്നത്. ത്യാഗപൂർണവും യാതനാനിർഭരവുമായ സമരങ്ങളുടെ കർമ്മവേദികളിലൂടെയാണ് ഒരു യോദ്ധാവായി ടി.കെ. ദിവാകരൻ രൂപപ്പെട്ടത്.

തൊഴിലാളി

നേതാവ്

തൊഴിലാളികളിൽ നിന്നും ജനങ്ങളിൽ നിന്നും വേറിട്ടൊരു ജീവിതം അദ്ദേഹത്തിനുണ്ടായിരുന്നില്ല. കൊല്ലത്തും പരിസരത്തുള്ള കയർ, കശുഅണ്ടി, മിൽതൊഴിലാളികൾക്കു വേണ്ടി അർപ്പണബുദ്ധിയോടെ പ്രവർത്തിച്ച അദ്ദേഹം,​ വിപ്ളവ സോഷ്യലിസത്തിന്റെ പ്രമുഖ വക്താവായി അറിയപ്പെട്ടു. ഒരു തൊഴിലാളിയായി പിറന്ന്,​തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിച്ച്,​ തൊഴിലാളി നേതാവായി മാറിയ ടി.കെ,​ കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനാണ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി ജീവിതമാരംഭിച്ച ടി.കെ. ദിവാകരൻ സോഷ്യലിസ്റ്റ് ചിന്താധാരയിൽ ചെറുപ്പകാലത്തുതന്നെ ആകൃഷ്ടനായി. കെ.എസ്.പിയായിരുന്നു ആദ്യ തട്ടകം. അവിടെ നിന്ന് വേർപെട്ടാണ് ആർ.എസ്.പി നേതാവായത്. എൻ. ശ്രീകണ്ഠൻനായർ, ബേബിജോൺ എന്നിവരോടൊപ്പം ആർ.എസ്.പിക്ക് അടിത്തറ പാകിയത് ടി.കെ. ദിവാകരനാണ്. സ്വാതന്ത്ര്യ‌പ്രാപ്തിക്കു ശേഷം ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഭാഗമായി തിരു - കൊച്ചിയിലും കേരളത്തിലും പാർലമെന്ററിരംഗത്ത് ടി.കെ സജീവ സാന്നിദ്ധ്യമായിരുന്നു.

നിയമസഭാ

സാമാജികൻ

രണ്ടുതവണ തിരു - കൊച്ചി നിയമസഭയിലേക്കും രണ്ടുതവണ കേരള നിയമസഭയിലേക്കും കൊല്ലത്തുനിന്ന് ടി.കെ തിരഞ്ഞെടുക്കപ്പെട്ടു. ഒരിക്കൽ കൊല്ലത്ത് ടി.കെയോട് പൊരുതി പ്രമുഖ കോൺഗ്രസ് നേതാവായ ആർ. ശങ്കറിന് പരാജയത്തിന്റെ കയ്‌പുനീർ അനുഭവിക്കേണ്ടിവന്നു. കോളേജ് വിദ്യാഭ്യാസമില്ലാതിരുന്ന ടി.കെയുടെ നിയമസഭാ പ്രസംഗങ്ങൾ ആ കാലഘട്ടത്തെക്കുറിച്ചുള്ള ചരിത്രരേഖകളാണ്. വിജ്ഞാനദാഹിയായ ടി.കെയുടെ പരന്ന വായനയുടെ സവിശേഷതകൾ നിയമസഭാ പ്രസംഗങ്ങളിൽ കാണാം. ഏതു വിഷയത്തിലും അറിവുണ്ടായിരുന്ന ടി.കെയുടെ പ്രസംഗങ്ങൾ കാര്യമാത്രപ്രസക്തവും കുറിക്കുകൊള്ളുന്നതുമായിരുന്നു. നിയമസഭാ ചട്ടങ്ങളും തൊഴിൽ നിയമങ്ങളും അദ്ദേഹത്തിന് കാണാപ്പാഠമായിരുന്നു.

സമചിത്തത വെടിയാതെയുള്ള നർമ്മപ്രധാനമായ ടി.കെ.യുടെ നിയമസഭാ പ്രസംഗങ്ങൾ ആർജ്ജവമുള്ളതായിരുന്നു. ടി.കെയുടെ അനുനയശീലം അദ്ദേഹത്തെ ഒരു പ്രശ്നപരിഹാരകനാക്കി. അറുപതുകളിൽ കൊല്ലം മുനിസിപ്പൽ ചെയർമാനായിരുന്ന ടി.കെയ്ക്ക് നഗരങ്ങളിലെ ജനകീയപ്രശ്നങ്ങൾ അടുത്തറിയാമായിരുന്നതിനാൽ മുനിസിപ്പൽ മന്ത്രിയെന്ന നിലയിൽ പിന്നീട് ശോഭിക്കാനായി. നഗരവികസനത്തിന്റെ കർമ്മരേഖ അദ്ദേഹം ആവിഷ്കരിച്ചു. നഗരങ്ങളിലെ മുഖ്യ സാമൂഹ്യശാപമായിരുന്ന മനുഷ്യമലം ചുമക്കുന്ന തോട്ടിസമ്പ്രദായം അവസാനിപ്പിച്ചത് ടി.കെ. ദിവാകരനാണ്.

ദിവാകരന്റെ

ദീർഘവീക്ഷണം

ഒമ്പതുവർഷം പൊരുമരാമത്തു മന്ത്രിയായിരുന്ന ടി.കെ. ദിവാകരൻ കുത്തക കരാറുകാരുടെ കള്ളക്കളികൾ പൊളിച്ചടുക്കി. ഇടത്തട്ടുകാരുടെ ചൂഷണം അവസാനിപ്പിക്കാനാണ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എന്ന പൊതുമേഖലാ സ്ഥാപനത്തിന് തുടക്കമിട്ടത്. റോഡ്, പാലം, കെട്ടിടം എന്നിവയുടെ നിർമ്മാണം സർക്കാർ തന്നെ നടത്താൻ തീരുമാനിച്ചു. സർക്കാർ വകയായി കേരളത്തിൽ ഏറ്റവുമധികം റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഉണ്ടായത് ടി.കെ മന്ത്രിയായിരുന്ന കാലത്താണ്. തിരുവനന്തപുരത്ത് വാടകക്കെട്ടിടങ്ങളിൽ കഴിഞ്ഞിരുന്ന നിരവധി സർക്കാർ ഓഫീസുകൾ സർക്കാർ കെട്ടിടങ്ങളിലേക്കു മാറ്റിയത് ടി.കെയുടെ ഇച്ഛാശക്തിയുടെ ഫലമായായിട്ടായിരുന്നു.

നിയമസഭാ സമുച്ചയത്തോടു ചേർന്നുള്ള വികാസ്‌ ഭവൻ തുടങ്ങിയതും പ്രവർത്തനമാരംഭിച്ചതും ടി.കെ. പൊതുമരാമത്തു മന്ത്രിയായിരുന്ന കാലത്താണ്. നാഷണൽ ഹൈവേ 47-ന്റെ വികസന കാര്യത്തിൽ ടി.കെ. ബദ്ധശ്രദ്ധനായിരുന്നു. കേരളത്തിലെ രണ്ടാമത്തെ നീളംകൂടിയ പാലമായ നീണ്ടകര പാലം പണിയുന്നതിൽ കേന്ദ്ര സർക്കാരിന് പിൻബലമേകിയത് പൊതുമരാമത്തു മന്ത്രിയെന്ന നിലയിൽ ടി.കെ ആയിരുന്നു. ടി.കെയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോയാണ്,​ പണിപൂർത്തിയാക്കിയ ഇത്തിക്കര പാലത്തിന്റെ ഉദ്ഘാടനം നടത്തിയത്.

ആലപ്പുഴ, കൊല്ലം ബൈപാസുകൾക്ക് രൂപരേഖ തയ്യാറാക്കിയത് അദ്ദേഹത്തിന്റെ കാലത്താണ്. ടി.കെയുടെ മരണത്തിനു ശേഷം വർഷങ്ങൾ കഴിഞ്ഞാണ് ഈ ബൈപാസുകൾ പൂർത്തിയായതെങ്കിലും അവയെല്ലാം അദ്ദേഹത്തിന്റെ സ്‌മാരകങ്ങൾ കൂടിയാണ്. കൊല്ലം മുതൽ കോവളം വരെയുള്ള തീരദേശ ഹൈവേ ടി.കെയുടെ സ്വപ്നമായിരുന്നു. അറുപതുകളിൽ അദ്ദേഹം ടൂറിസം മന്ത്രിയായിരുന്നപ്പോഴാണ് കോവളം അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. പുതിയ പല അതിഥി മന്ദിരങ്ങൾക്കും തുടക്കം കുറിച്ചു. പല്ലനയിലെ കുമാരനാശാൻ സ്‌മാരകം, കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയം എന്നിവ സ്ഥാപിക്കാൻ മുൻകൈയെടുത്തത് ടി.കെ. ദിവാകരൻ ആയിരുന്നു.

കുട്ടനാട്ടിലെ ചതുപ്പുനിലങ്ങളിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ തണ്ണീർമുക്കം ബണ്ട് എന്ന ആശയം മുന്നോട്ടുവച്ചതും,​ അത് സമയബന്ധിതമായി പൂർത്തിയാക്കിയതും ടി.കെ മന്ത്രിയായിരുന്നപ്പോഴാണ്. പൊതുജന പങ്കാളിത്തത്തോടെ പൂർത്തിയാക്കിയതായിരുന്നു തണ്ണീർമുക്കം ബണ്ട്. മലബാറിലെ നിരവധി പാലങ്ങൾ പുതുക്കിപ്പണിയുന്നതിനുള്ള കർമ്മപദ്ധതി മരിക്കുന്നതിനുമുമ്പുതന്നെ ടി.കെ തയ്യാറാക്കി.

സഹപ്രവർത്തകരോട് കരുണയും വാത്സല്യവും കാട്ടിയ ഹൃദയാലുവായ ആ നേതാവ് ബുദ്ധിശക്തിയിലും കർമ്മശേഷിയിലും അസാമാന്യ വൈഭവം പ്രകടിപ്പിച്ചിരുന്നു. പ്രകാശം ചൊരിയുന്ന സൂര്യൻ എന്ന അർത്ഥത്തിലാണ് മാതാപിതാക്കൾ അദ്ദേഹത്തിന് ദിവാകരൻ എന്ന പേരു നൽകിയതെന്ന് പറയുന്നവരുണ്ട്. കത്തിജ്ജ്വലിച്ചു നിൽക്കവേ മദ്ധ്യാഹ്നത്തിൽ അസ്തമിച്ച സൂര്യനാണ് ടി.കെ. ദിവാകരൻ. ഈ സൂര്യതേജസിന്റെ പ്രഭ ചരിത്രത്തിന്റെ താളുകളിൽ ഒരിക്കലും മങ്ങില്ല.