ബി.ജെ.പി അജണ്ടയല്ല ഇടതുപക്ഷത്തിന്
നേതാവിനോട്
..................................
ബിനോയ് വിശ്വം
സി.പി.ഐ സംസ്ഥാന സെക്രട്ടറി
തയ്യാറാക്കിയത്:
കെ.പി.സജീവൻ
മുസ്ലീം-ക്രിസ്ത്യൻ സമുദായത്തിന് ഞങ്ങളെ അറിയാം പിണറായി നയിക്കണോ എന്ന് ആ പാർട്ടി തീരുമാനിക്കും ശബരിമലയിൽ കുറ്റപത്രം വരട്ടെ; അപ്പോൾ നടപടി
വെള്ളാപ്പള്ളി വിഷയത്തിൽ നോ കമന്റ്സ്
ഇടതു സർക്കാരിന്റെ ചുക്കാൻ പിടിക്കുന്നത് സി.പി.എമ്മും പിണറായി വിജയനുമാണെങ്കിലും നിർണായക ഘട്ടങ്ങളിലെല്ലാം തിരുത്തൽ ശക്തിയാവുന്നത് സി.പി.ഐ ആണ്. തെലങ്കാനയിൽ പാർട്ടി പരിപാടിക്കിടെ കേരളത്തിൽ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ബിനോയ് വിശ്വം സംസാരിക്കുന്നു
? ജമാഅത്തെ ഇസ്ലാമി ആരോപണം ഒടുവിൽ പാരയാകുമോ
എന്തു പാര? ബാലൻ ഒരു വിമർശനം ഉന്നയിച്ചു. അതിനെക്കുറിച്ച് പല ഭാഗങ്ങളിലും ചർച്ചകളുണ്ടായി. അത്തരം വിവാദങ്ങളെല്ലാം മറികടക്കാൻ കെല്പുള്ള മുന്നണിയാണ് എൽ.ഡി.എഫ്.
? സി.പി.എമ്മിന്റെ ആക്ഷേപം അതുപോലെ ഏറ്റെടുത്തിരിക്കുകയാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും...
ബി.ജെ.പിയുടെയോ രാജീവ് ചന്ദ്രശേഖറിന്റെയോ അജണ്ടയല്ല കേരളത്തിലെ ഇടതുപക്ഷത്തിനും സി.പി.ഐയ്ക്കും. അവർ അത് വർഗീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്. ഞങ്ങൾക്ക് വർഗീയതയില്ല. വർഗീയ ശക്തികൾക്കെതിരായ നിരന്തര പോരാട്ടമാണ് എക്കാലവും ഇടതുപക്ഷം നടത്തിവരുന്നത്. അതിൽ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ആർ.എസ്.എസുമെല്ലാം പെടും.
? എങ്കിലും ആ പ്രസ്താവന മുസ്ലീം സമുദായത്തിനുള്ളിൽ ആശങ്കയുണ്ടാക്കിയിട്ടില്ലേ...
വർഗീയ ശക്തികൾക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ടാവും. മുസ്ലീം സമുദായത്തിനില്ല. കേരളത്തിലെ മുസ്ലീം-ക്രിസ്തൻ സമുദയത്തിന് പണ്ടുതൊട്ടേ അറിയാവുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. അത് വർഷങ്ങളായുള്ള ബന്ധമാണ്. അതൊന്നും ഇത്തരം വിവാദങ്ങൾകൊണ്ട് തകർക്കാനാവില്ല.
? ജയസാദ്ധ്യത വിവാദങ്ങളിൽ മുങ്ങുമോ.
വെറും സാദ്ധ്യതയല്ല; വിജയം 100 ശതമാനം ഉറപ്പാണ്. മൂന്നാം ഇടത് സർക്കാർതന്നെ കേരളം ഭരിക്കും.
? എങ്ങനെയാണ് ഇത്തരത്തിൽ ഒരു ശുഭപ്രതീക്ഷ വയ്ക്കാനാവുന്നത്...
നിങ്ങൾ പറയുന്ന കുഞ്ഞുകുഞ്ഞ് വിവാദങ്ങളിൽ തളച്ചിടാനാവുന്നതല്ല കേരളത്തിൽ കഴിഞ്ഞ പത്തുവർഷക്കാലം ഇടതുപക്ഷം നടത്തിയ വികസന പ്രവർത്തനങ്ങൾ. വൻകിട പദ്ധതികൾ മുതൽ താഴേത്തട്ടിലുള്ള ജനങ്ങളുടെ ക്ഷേമം വരെ ഭംഗിയായി നടന്നു. പ്രകടന പത്രികയിൽ പറഞ്ഞിട്ട് ഈ സർക്കാർ നടപ്പിലാക്കാതിരിക്കുന്ന ഏതെങ്കിലും പദ്ധതിയുണ്ടോ? പത്തുവർഷം മുമ്പത്തെ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ കാര്യങ്ങൾ കൃത്യമായി രാഷ്ട്രീയ വിശകലനം നടത്തുന്നവർക്കറിയാം ഇടത് സർക്കാർ ജനങ്ങൾക്കൊപ്പമായിരുന്നെന്ന്. അതുകൊണ്ടാണ് 100 ശതമാനം വിജയമെന്ന് ഉറപ്പ് പറയുന്നത്.
? തിരഞ്ഞെടുപ്പിനെ പിണറായി നയിക്കുമെന്നാണ് എം.എ. ബേബിയും പറഞ്ഞത്.
കേരളത്തിലെ ഇടതുപക്ഷത്തെ നയിക്കുന്ന എറ്റവും വലിയ പാർട്ടി സി.പി.എമ്മാണ്. അവരുടെ സ്വാതന്ത്ര്യമാണ് ആര് നയിക്കണമെന്നത്. അതിൽ സി.പി.ഐക്ക് റോളില്ല.
? എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശനെക്കുറിച്ചുള്ള പ്രതികരണം അപക്വമായിപ്പോയില്ലേ...
നോ കമന്റ്‌സ്. ഇപ്പോൾ അതിനുള്ള സമയമല്ല.
? സി.പി.ഐ കൂടുതൽ സീറ്റ് ചോദിക്കുന്നുണ്ടോ.
അത്തരം ചർച്ചകളിലേക്കൊന്നും കടന്നിട്ടില്ല. ഇപ്പോൾ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമാണ്. സീറ്റ് വീതംവയ്പ്പൊക്കെ പിന്നീട്.
? ശബരിമല വിഷയത്തിൽ സി.പി.എമ്മിന്റെ നിലപാടിലാണല്ലോ സി.പി.ഐയും. ജയിലിലായ നേതാക്കളെ പുറത്താക്കാത്തത് തിരിച്ചടിയാവില്ലേ.
അങ്ങനെ രണ്ടു പാർട്ടിക്കും ഒരേ നിലപാടില്ല. അവരെടുത്ത നിലപാട് അവർ പറഞ്ഞിട്ടുണ്ട്. പിന്നെ കെ.പി.ശങ്കരദാസ് കടുത്ത രോഗ ബാധിതനാണ്. അദ്ദേഹം അത്തരമൊരു കൃത്യത്തിൽ പങ്കാളിയാണെന്ന് വിശ്വസിക്കുന്നില്ല. പക്ഷെ വിശ്വാസത്തേക്കാൾ പ്രധാനമാണ് അന്വേഷണവും അവരുടെ കണ്ടെത്തലുകളും. കുറ്റപത്രം വരട്ടെ; അപ്പോൾ കാണാം. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഒരു നേതാവിനേയും സംരക്ഷിക്കാൻ സി.പി.ഐ ഇല്ല. നിയമം നിയമത്തിന്റെ വഴി പോകട്ടെ.