മെഡിക്കൽ കോളേജ് പി.ജി ഹോസ്റ്റലിൽ വൻമോഷണം: 20 പവൻ സ്വർണവും ബൈക്കും കവർന്നു
മുളങ്കുന്നത്തുകാവ്: മുളങ്കുന്നത്തുകാവ് ഗവൺമെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിലെ പി.ജി ക്വാർട്ടേഴ്‌സിൽ വൻ മോഷണം. ഡോക്ടർമാരുടെ താമസസ്ഥലത്ത് നിന്നും 20 പവനോളം സ്വർണവും ഒരു ബൈക്കും മോഷ്ടാക്കൾ കവർന്നു. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജിലെ പി.ജി ക്വാർട്ടേഴ്‌സിലെ എ ബ്ലോക്കിലാണ് മോഷണം നടന്നത്. ഇതിന്റെ സി.സി.ടി.വി ദൃശ്യവും പുറത്തുവന്നു.
പീഡിയാട്രിക്‌സ് വിഭാഗം ഫൈനൽ ഇയർ പി.ജി വിദ്യാർത്ഥിനിയായ ഡോക്ടർ ശ്രേയ പോളിന്റെ താമസസ്ഥലത്ത് നിന്നാണ് 20 പവനോളം സ്വർണാഭരണം നഷ്ടപ്പെട്ടത്. ഇതിന് പുറമേ, ഓർത്തോ വിഭാഗത്തിലെ ഒരു പി.ജി ഡോക്ടറുടെ ബൈക്കും മോഷ്ടാക്കൾ കൊണ്ടുപോയി. ഈ ബൈക്കിലാണ് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണമാരംഭിച്ചു.
മെഡിക്കൽ കോളേജ് പി.ജി ഹോസ്റ്റലിലെ സിസിടിവി ദൃശ്യം പുറത്തുവന്നപ്പോൾ