ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ച നിലയിൽ, കൊച്ചുമകന് ഗുരുതര പരിക്ക്, ബന്ധുവിനെ പിടികൂടി
പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിലും വളർത്തുമകളുടെ മകനെ പരിക്കേറ്റതായും കണ്ടെത്തി. നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകളുടെ മകനായ നാല് വയസുകാരന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. രാത്രി 12 മണിയോടെയാണ് സംഭവം. ദമ്പതികളുടെ വളർത്തുമകളായ സുൽഫിയത്ത് കുട്ടിയുമായി വീടിന് പുറത്തേക്ക് ഓടിവന്നതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്.
സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയാണ് സംഭവത്തിൽ പ്രതി. നാട്ടുകാർ വിവരമറിയിച്ചതോടെ ഉടൻ പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ റാഫി ഇവിടെനിന്നും രക്ഷപ്പെട്ടു. കൈഞരമ്പ് മുറിച്ച നിലയിൽ ഇയാളെ ആദ്യം കണ്ടെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല. അടുത്തുള്ള പള്ളി ഖബർസ്ഥാനിലേക്ക് ഇയാൾ ഓടിപ്പോയി. പിന്നീട് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ പുലർച്ചെ നാലുമണിയോടെ ഇയാളെ കണ്ടെത്തുകയായിരുന്നു.
സംഭവമറിഞ്ഞ് നാട്ടുകാരെത്തിയപ്പോഴേക്കും നസീറും സുഹറയും മരിച്ചിരുന്നു. കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചു പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്റെ ലക്ഷ്യം വ്യക്തമല്ല. പ്രതി മുഹമ്മദ് റാഫിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.