ഇറാന്റെ പിടിയിലുള്ള ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ ശ്രമം ശക്തം

Monday 19 January 2026 7:08 AM IST

ടെഹ്‌റാൻ: ഡിസംബറിൽ ഒമാൻ ഉൾക്കടലിൽ വച്ച് ഇറാൻ പിടിച്ചെടുത്ത 'എം.ടി വാലിയന്റ് റോർ" എണ്ണക്കപ്പലിലെ 16 ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ. ദുബായ് ആസ്ഥാനമായുള്ള ഗ്ലോറി ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള കപ്പലിനെ,​ അനധികൃതമായി എണ്ണ കടത്തിയെന്ന പേരിലാണ് ഇറാൻ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തത്. കപ്പലിലെ ആകെയുള്ള 18 ജീവനക്കാരിൽ ഒരാൾ ബംഗ്ലാദേശ് പൗരനും മറ്റൊരാൾ ശ്രീലങ്കക്കാരനുമാണ്.

റെവല്യൂഷണറി ഗാർഡിന്റെ കസ്റ്റഡിയിലുള്ള ജീവനക്കാർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോവുകയാണ് ഇറാൻ അധികൃതർ. പലരെയും കപ്പലിൽ നിന്ന് ബന്ദർ അബ്ബാസ് ജയിലിലേക്ക് മാറ്റിയെന്നാണ് വിവരം.

നാവികരെ നേരിൽ കാണാനായി ടെഹ്റാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇറാൻ അധികൃതരെ സമീപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. നാവികർക്ക് നിയമ സഹായം ഉറപ്പാക്കാനും എംബസി ശ്രമം തുടരുന്നു. ഇറാൻ നേവിയുമായി ബന്ധപ്പെട്ട് ഭക്ഷണം അടക്കം അടിയന്തര സഹായങ്ങൾ എംബസി എത്തിച്ചിരുന്നു.