ആക്രമണങ്ങൾ തുടരുന്നു: ബംഗ്ലാദേശിൽ ന്യൂനപക്ഷ പ്രതിഷേധം
ധാക്ക: ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണങ്ങൾ തുടരുന്നതിനെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ച് വിവിധ സംഘടനകൾ. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കാട്ടി ധാക്കയിലെ നാഷണൽ പ്രസ് ക്ലബിന് മുന്നിൽ ന്യൂനപക്ഷ, മനുഷ്യാവകാശ സംഘടനകൾ അണിനിരന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ അന്വേഷണം നടക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മൂന്ന് ദിവസത്തിനിടെ രണ്ട് ഹിന്ദുക്കളാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഗാസിപ്പൂരിൽ ലിതൻ ചന്ദ്ര ഘോഷ് (55) എന്ന വ്യാപാരിയെ മൺകോരി കൊണ്ട് അടിച്ചുകൊന്നു. കടയിൽ സാധനം വാങ്ങാനെത്തിയവർ ജീവനക്കാരനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കവെയാണ് ലിതന് ജീവൻ നഷ്ടമായത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി.
വെള്ളിയാഴ്ച രാജ്ബരിയിൽ റിപോൻ സാഹ (30) എന്ന പെട്രോൾ പമ്പ് ജീവനക്കാരനെ കാർ ഇടിച്ചു കൊലപ്പെടുത്തിയിരുന്നു. പെട്രോൾ അടിച്ച ശേഷം പണം നൽകാതെ രക്ഷപെടാൻ ശ്രമിച്ചവരെ തടയുന്നതിനിടെയാണ് സാഹ ആക്രമിക്കപ്പെട്ടത്. കാറുടമയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) മുൻ നേതാവ് അബ്ദുൾ ഹാഷിമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ മുതൽ 15 ലേറെ ഹിന്ദുക്കൾ രാജ്യത്ത് കൊല്ലപ്പെട്ടെന്ന് വിവിധ സംഘടനകൾ പറയുന്നു.