സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം, 21 മരണം, നിരവധി പേർ കുടുങ്ങി

Monday 19 January 2026 8:44 AM IST

മഡ്രിഡ്: ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത പാളത്തിലോടുകയായിരുന്ന ട്രെയിനിലേക്ക് മറി‌ഞ്ഞുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. തെക്കൻ സ്‌പെയിനിലെ കൊർഡോബ പ്രവിശ്യയിലാണ് സംഭവം. ഞായറാഴ്‌ച രാത്രിയിലാണ് സംഭവമുണ്ടായത്. അഡമൂസ് പട്ടണത്തിന് സമീപത്തുവച്ചാണ് അപകടം നടന്നത്. മലാഗ-മഡ്രിഡ് റൂട്ടിലോടുന്ന ട്രെയിൻ പാളംതെറ്റി തൊട്ടടുത്ത പാളത്തിലൂടെ മഡ്രിഡിൽ നിന്ന് ഹുവൽവയിലേക്ക് പോകുകയായിരുന്ന ട്രെയിനിന് മുകളിലേക്ക് മറിഞ്ഞു. ഇതോടെ ഒരു ട്രെയിൻ മറ്റൊന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

സർക്കാർ നിയന്ത്രണത്തിലുള്ള റെൻഫെ കമ്പനിയുടെ ട്രെയിനും സ്വകാര്യ കമ്പനിയുടെ ട്രെയിനുമാണ് അപകടത്തിൽപെട്ടത്. അപകട സമയത്ത് ട്രെയിനിൽ 300 യാത്രക്കാരുണ്ടായിരുന്നെ‌ന്ന് സ്വകാര്യ കമ്പനി അറിയിച്ചു. മലാഗയിൽ നിന്ന് ട്രെയിൻ പുറപ്പെട്ട് പത്ത് മിനിട്ടിനകം തന്നെ അപകടമുണ്ടായി. മഡ്രിഡ്-അൻഡലൂഷ്യ റൂട്ടിൽ അപകടത്തെത്തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവച്ചു.

ഇതുവരെ 21 പേരുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. നിരവധിപേർ സ്ഥലത്ത് കുടുങ്ങി കിടക്കുകയാണ്. ചില ബോഗികൾ തലകീഴായി മറിഞ്ഞതും അപകടത്തിന്റെ പ്രചരിക്കുന്ന വീഡിയോകളിലുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു. രാത്രിയാണ് അപകടമുണ്ടായത് എന്നതിനാൽ ചില യാത്രക്കാർ ഇത് ഭൂകമ്പമാണെന്ന് തെറ്റിദ്ധരിച്ചു. ഇവർക്ക്‌ ജനാല തകർത്ത് പുറത്തേക്ക് ചാടാൻ ശ്രമിക്കവെ വീണ് പരിക്കേറ്റു.