ഒറ്റപ്പാലത്തെ ഇരട്ടകൊലപാതകം: പ്രതി ലഹരിക്ക് അടിമ, ദമ്പതികൾക്ക് കുത്തേറ്റത് മകളെ രക്ഷിക്കുന്നതിനിടെ
പാലക്കാട്: ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്ന കേസിലെ പ്രതി മുഹമ്മദ് റാഫി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് വിവരം. മരിച്ച നാലകത്ത് നസീറിന്റെ ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം അഞ്ച് മാസം മുൻപാണ് നസീറിന്റെയും മരിച്ച സുഹറയുടെയും വളർത്തുമകളായ സുൽഫിയത്ത് നാല് വയസുകാരനായ മകനുമായി ഇവരുടെ അടുത്തേക്ക് എത്തിയത്. റാഫിയുടെ പീഡനം സഹിക്കവയ്യാതെയായിരുന്നു ഇത്.
ഇവർ തമ്മിൽ കുട്ടിയുടെ പേരിൽ കോടതിയിൽ കേസും ഉണ്ടായിരുന്നു. ആഴ്‌ചയിൽ നാല് ദിവസം റാഫിയോടൊപ്പവും രണ്ട് ദിവസം സുൽഫിയത്തിനൊപ്പവും കുട്ടിയെ നിർത്തണം എന്നായിരുന്നു കോടതി വിധി. എന്നാൽ റാഫി കുട്ടിയെ കൊണ്ടുപോയ ശേഷം തിരികെ കൊണ്ടുവരാതായതോടെ നസീറും സുഹറയും കോടതിയെ വീണ്ടും സമീപിക്കുകയും കുട്ടിയെ അമ്മയ്‌ക്കൊപ്പം അയക്കാൻ വിധി നേടുകയും ചെയ്‌തു. ഇതിലെ തർക്കത്തിനൊടുവിലാണ് കടുത്ത ലഹരിയിൽ വീട്ടിലെത്തിയ റാഫി കൊല നടത്തിയത്.
സുൽഫത്തിനെയും കുട്ടിയെയും കൊല്ലാനായിരുന്നു റാഫിയുടെ ശ്രമം. ഇത് തടഞ്ഞതോടെ നസീറിനെയും സുഹറയെയും കുത്തികൊല്ലുകയായിരുന്നു. സുഹറയെ ഓടിച്ച് വീടിന് പിന്നിൽ വച്ചാണ് കുത്തികൊന്നത്. ഇവരുടെ മൃതദേഹം വീടിന് പിൻവശത്തായിരുന്നു. പ്രതി മുഹമ്മദ് റാഫി മുൻപ് എംഡിഎംഎയടക്കം ഉപയോഗിച്ചതിന് പിടിയിലായ ആളാണെന്ന് ബന്ധുക്കൾ അറിയിച്ചു.
രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ദമ്പതികളുടെ വളർത്തുമകളായ സുൽഫിയത്ത് കുട്ടിയുമായി വീടിന് പുറത്തേക്ക് ഓടിവന്നതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. സംഭവശേഷം കൈത്തണ്ട മുറിച്ച നിലയിൽ കണ്ട റാഫി പിന്നീട് പൊലീസെത്തിയപ്പോൾ രക്ഷപ്പെട്ടിരുന്നു. പുലർച്ചെ നാല് മണിയോടെ അടുത്തുള്ള പള്ളി ഖബർസ്ഥാന് സമീപത്തുനിന്നാണ് ഇയാളെ കണ്ടെത്തിയത്. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.