114 റഫേലുകൾകൂടി ഇന്ത്യ വാങ്ങുന്നു, വിറച്ചുതുടങ്ങിയപ്പോൾ പേക്കൂത്തുകളുമായി പാകിസ്ഥാൻ

Monday 19 January 2026 1:09 PM IST

ന്യൂഡൽഹി: ഇന്ത്യ കൂടുതൽ റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നു. ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഭീഷണികൾ നേരിടുന്നതിനാണ് 114 റഫേൽ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനത്തിൽ എത്തിയതെന്നാണ് റിപ്പോർട്ട്. മൾട്ടി- റോൾ ഫൈറ്റർ എയർക്രാഫ്റ്റ് (എംആർഎഫ്എ) പദ്ധതി പ്രകാരം വാങ്ങുന്ന വിമാനങ്ങളിൽ 18 എണ്ണം ഒഴികെ ബാക്കിയെല്ലാം ഇന്ത്യയിൽ തന്നെയാകും നിർമ്മിക്കുക. ഇതിൽ അറുപതുശതമാനത്തോളം തദ്ദേശീയമായി നിർമ്മിച്ച ഘടകങ്ങളാകും ഉപയോഗിക്കുക എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പഴയ പടക്കുതിരകളായ മിഗ്-21 വിമാനങ്ങൾ പൂർണമായി ഒഴിവാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിലൂടെ വ്യോമസേനയുടെ കരുത്തുചോരുന്നത് തടയാനാണ് റഫേൽ വിമാനങ്ങൾ ഇന്ത്യ വാങ്ങുന്നത്. സ്റ്റെൽത്ത് വിമാനമായ എഎംസിഎയ്ക്ക് വേണ്ടി ഇന്ത്യയും ഫ്രാൻസും സംയുക്തമായി യുദ്ധവിമാന എൻജിൻ വികസിപ്പിക്കാനുള്ള കരാറും അണിയറയിൽ തയ്യാറായിക്കഴിഞ്ഞു. എതാനും ചില അനുമതികൾ മാത്രം മതി അതിന്.

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ കുന്തമുനകളായിരുന്നു റഫേൽ യുദ്ധവിമാനങ്ങൾ. കന്നത്ത പ്രഹരമാണ് ഇവ പാകിസ്ഥാന് നൽകിയത്. വ്യേമശക്തിയിൽ ഇന്ത്യയ്ക്കുമുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്നുകണ്ട് ചൈനയുടെ പക്കൽനിന്ന് കൂടുതൽ യുദ്ധവിമാനങ്ങൾ വാങ്ങാൻപാകിസ്ഥാൻ നീക്കം നടത്തുന്നുണ്ട്. മേഖലയിൽ ഇന്ത്യയുമായുളള ഒരു വ്യോമസന്തുലിതാവസ്ഥയാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നത്. ഇതെല്ലാം മറത്തറിഞ്ഞാണ് ഇന്ത്യയുടെ പുതിയ നീക്കം. കൂടുതൽ റഫേലുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചെന്ന വാർത്ത പുറത്തുവന്നതോടെ യുദ്ധവിമാന നിർമാണ മേഖലയിലും സൈനിക സാങ്കേതിക രംഗത്തും ഇന്ത്യ മേധാവിത്വമുണ്ടാക്കുമോ എന്നഭയവും പാകിസ്ഥാനുണ്ട്.

ഇന്ത്യ നേരത്തേ 36 റഫേൽ വിമാനങ്ങൾ വാങ്ങിയപ്പോൾത്തന്നെ പാകിസ്ഥാൻ ചൈനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങിയിരുന്നു. ഇന്ത്യ കൂടുതൽ റഫേലുകൾ വാങ്ങുന്നതറിഞ്ഞ് പാകിസ്ഥാൻ വാങ്ങിക്കൂട്ടാൻ പോകുന്നതും ജെ-10 സിഇ വിമാനങ്ങൾ തന്നെയാണ്. നിലവിൽ പാകിസ്ഥാൻ അല്ലാതെ മറ്റൊരു രാജ്യവും ജെ-10 സിഇ വിമാനങ്ങൾ ഉപയോഗിക്കുന്നില്ല. എൻജിൻ പ്രശ്നങ്ങൾ പതിവാക്കിയവയാണ് ചൈനയുടെ ഒട്ടുമിക്ക യുദ്ധവിമാനങ്ങളും. അതിനാൽ തുർക്കിയുടെ യുദ്ധവിമാനങ്ങൾ വാങ്ങാനും പാകിസ്ഥാൻ നീക്കം നടത്തുന്നുണ്ട്.