സിനിമാ സ്റ്റൈലിലല്ല, സിമ്പിളായി ലെനയുടെ രണ്ടാം വിവാഹ വാർഷികം; മരുമകന്  സ്‌പെഷ്യൽ കേക്കുമായി അമ്മ

Monday 19 January 2026 1:47 PM IST

മലയാളികളുടെ ഇഷ്ടതാരം ലെനയും ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണനും രണ്ടാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അടുത്ത കുടുംബാംഗങ്ങൾക്കൊപ്പം വളരെ ലളിതമായിട്ടായിരുന്നു ഇരുവരുടെയും ആഘോഷം. വിവാഹവാർഷികത്തിന് മാറ്റുകൂട്ടാൻ ലെനയുടെ അമ്മ തയ്യാറാക്കിയ സ്‌പെഷ്യൽ കേക്കും എത്തിയിരുന്നു. ഈ കേക്കാണ് ആഘോഷത്തിലെ പ്രധാന ഹൈലൈറ്റ്.

മികച്ച കേക്ക് ബേക്കർ കൂടിയായ ലെനയുടെ അമ്മ 'ഓറഞ്ച് ഡാർക് ചോക്ലേറ്റ്' കേക്കാണ് മകൾക്കും മരുമകനുമായി കരുതിവച്ചത്. പ്രിയപ്പെട്ടവർക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന വീഡിയോ ലെന തന്നെ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ആദ്യ വിവാഹമോചനത്തിന് ശേഷം ഏകദേശം 14വർഷത്തോളം അവിവാഹിതയായി തുടർന്ന ശേഷമാണ് 2024ൽ നടി വീണ്ടും വിവാഹിതയായത്. ബംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തിൽ വച്ചായിരുന്നു പ്രശാന്ത് ബാലകൃഷ്ണനുമായുള്ള വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് താൻ വിവാഹിതയാണെന്ന വിവരം ലെന വെളിപ്പെടുത്തുന്നത്.

ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട പ്രഖ്യാപനം വന്നപ്പോഴാണ് ലെന തന്റെ വിവാഹവാർത്ത പുറത്തുവിട്ടത്. വിവാഹം കഴിഞ്ഞ് പത്തുമാസത്തോളം ഭർത്താവിനൊപ്പം അമേരിക്കയിലായിരുന്ന ലെന നിലവിൽ സിനിമയിലേക്ക് സജീവമായി മടങ്ങിയെത്തുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം 'വലതു വശത്തെ കള്ളൻ' എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത്.