ലാൻഡിംഗിനിടെ സാങ്കേതിക തകരാർ; വിമാനത്തിന്റെ മുൻചക്രം ഊരിത്തെറിച്ചു
ഫ്ലോറിഡ: ലാൻഡ് ചെയ്യുന്നതിനിടെ സാങ്കേതിക തകരാറുണ്ടായതിനെ തുടർന്ന് യുണൈറ്റഡ് എയർലൈൻ വിമാനത്തിന്റെ മുൻചക്രം ഊരിത്തെറിച്ചു. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ് യാത്രക്കാരും ജീവനക്കാരും രക്ഷപ്പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. ഫ്ലോറിഡയിലെ ഓർലാന്റോ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം.
ചിക്കാഗോയിലെ ഒ'ഹെയർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഓർലാന്റോയിലേ്ക്കെത്തിയ എയർബസ് 321 വിമാനത്തിനാണ് സാങ്കേതിക തകരാർ നേരിട്ടത്. വിമാനത്തിൽ 200 യാത്രക്കാരും ആറു ജീവനക്കാരും ഉണ്ടായിരുന്നു.സുരക്ഷാ നടപടികളുടെ ഭാഗമായി യാത്രക്കാരെയെല്ലാം ഉടൻ തന്നെ വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വിമാനത്തിന്റെ ഒരു ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതായും വിമാനത്തിന്റെ മുൻ ചക്രം നഷ്‌ടപ്പെട്ടതായും വീഡിയോയിൽ കാണാം. സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ എയർക്രാഫ്റ്റ് റെസ്‌ക്യു ഫൈറ്റർ വിഭാഗം സ്ഥലത്തെത്തി രക്ഷപ്രവർത്തനം ആരംഭിച്ചു. യുണൈറ്റഡ് എയർലൈൻസ് യാത്രക്കാരെ ടെർമിനലിലേക്ക് എത്തിക്കാൻ ബസുകൾ ഏർപ്പെടുത്തി. റൺവേയിൽ നിന്നും വിമാനം നീക്കുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.
അപകടത്തെ തുടർന്ന് നിരവധി വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ടായി. സാങ്കേതിക തകരാറിന്റെ കാരണം വ്യക്തമല്ലെങ്കിലും മോശം കാലാവസ്ഥയാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾക്ക് ശേഷമേ കൃത്യമായ കാരണങ്ങൾ വ്യക്തമാകൂ.