കരൂർ ദുരന്തം; നടൻ വിജയ്‌‌ക്കെതിരെ മനഃപ്പൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തേക്കും

Monday 19 January 2026 3:03 PM IST

ന്യൂഡൽഹി: കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും തമിഴ് വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്‌യെ പ്രതിചേർക്കാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്. കേസിൽ ഫെബ്രുവരി രണ്ടാം ആഴ്‌ചയോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും. നിലവിൽ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ്‌യെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരിക്കുകയാണ്.

വിജയ്‌ക്കൊപ്പം തമിഴ്‌നാട് പൊലീസിലെ എഡിജിപി ഉൾപ്പെടെയുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർക്കുമെന്ന് സൂചനയുണ്ട്. ഇവർക്കെതിരെ മനഃപ്പൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുക്കുമെന്നാണ് വിവരം. ജനുവരി 12ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിൽ വിജയ്‌ക്ക് മുമ്പിൽ 90 ചോദ്യങ്ങളാണ് സിബിഐ നിരത്തിയത്. ഇതിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യുന്നത്.