'ആ നടൻ അടിച്ച വേദന ഇപ്പോഴുമുണ്ട്'; ദേവദൂതനുവേണ്ടി ലാലേട്ടനെടുത്ത ഡയറ്റിനെക്കുറിച്ച് ശരത്ത്
സിനിമാ സീരിയൽ പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതമായ മുഖമാണ് നടൻ ശരത്ത് ദാസിന്റേത്. ഭഗവാൻ കൃഷ്ണന്റെ വേഷത്തിലാണ് നടനെ കുടുംബപ്രേക്ഷകർക്ക് കൂടുതൽ പരിചയം. എന്ന് സ്വന്തം ജാനകികുട്ടി, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകളിലൂടെ ബിഗ്സ്ക്രീൻ പ്രേക്ഷകരുടേയും പ്രിയ താരമായി ശരത്ത് മാറുകയായിരുന്നു.
സിബിമലയിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദേവദൂതൻ റീറിലീസ് ചെയ്തതോടെ ശരത്തിനെ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിൽ ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷത്തെയാണ് ശരത്ത് അവതരിപ്പിച്ചത്. ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന 11.11 എന്ന സിനിമയിലും നടൻ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ അഭിനയരംഗത്തിറങ്ങിയപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം ഒരു യൂട്യൂബ് ചാനലിനോട് പങ്കുവച്ചിരിക്കുകയാണ്.
'അന്ന് ദേവദൂതൻ തീയേറ്ററുകളിൽ ഓടിയില്ല. ഞാനതിന്റെ സെറ്റിലെത്തിയപ്പോൾ ലാലേട്ടൻ താടിയൊക്കെ വളർത്തി ജുബ്ബയിട്ട് ദേവപ്രഭയിൽ നിൽക്കുന്നതാണ് കണ്ടത്. തടി കുറയ്ക്കാനായി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു. രാവിലെയും ഉച്ചയ്ക്കും ഓരോ ഗോതമ്പ് ദോശയും പഴം പുഴുങ്ങിയതുമാണ് കഴിച്ചത്. ആ സിനിമയ്ക്കുവേണ്ടി എല്ലാവരും കഷ്ടപ്പെട്ടു. രണ്ട് ഭാഗങ്ങളായാണ് സിനിമ ചിത്രീകരിച്ചത്. അതിനനുസരിച്ച് ലാലേട്ടന് തടി കുറയ്ക്കുകയും കൂട്ടുകയും ചെയ്യണമായിരുന്നു. എന്നിട്ടും സിനിമ പരാജയപ്പെട്ടു. അതിൽ വലിയ വിഷമമുണ്ടായിരുന്നു.
വർഷങ്ങൾക്കിപ്പുറം സിനിമ റീറിലീസ് ചെയ്തപ്പോൾ വലിയ വിജയമായിരുന്നു. എന്റെ അച്ഛൻ കഥകളി ഗായകനായിരുന്നു. കലാമണ്ഡലം വെൺമണി ഹരിദാസെന്നാണ് പേര്. അച്ഛനും ലാലേട്ടനും കൂടി വാനപ്രസ്ഥമെന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അവർ നല്ല സൗഹൃദത്തിലായിരുന്നു. അന്ന് ലാലേട്ടൻ അച്ഛനുനൽകിയ അതേ സ്‌നേഹമാണ് എന്നോടും കാണിച്ചത്. അതെല്ലാം മറക്കാൻ കഴിയാത്ത അനുഭവമാണ്.
പത്രം എന്ന ചിത്രത്തിൽ വിമാനത്താവളത്തിനുമുന്നിൽ വച്ച് സ്‌പടികം ജോർജ് എന്നെ തല്ലുന്ന സീനുണ്ട്. ക്യാമറ ഓൺ ചെയ്യുന്നതിന് മുൻപ് അദ്ദേഹം അടിക്കുന്നതായി അഭിനയിക്കാമെന്നാണ് പറഞ്ഞത്. എന്നാൽ ആക്ഷൻ പറഞ്ഞതോടെ അദ്ദേഹം കഥാപാത്രമായി. എന്നെ നന്നായി അടിച്ചു. നിലത്ത് തള്ളിയിട്ടു. കാലും മുറിഞ്ഞു. അതിന്റെ വേദന ഇപ്പോഴുമുണ്ട്.
സീരിയലിൽ ശ്രീകൃഷ്ണനായി അഭിനയിച്ച് ഇപ്പോഴും മറക്കാൻ കഴിയില്ല. ഗുരുവായൂരപ്പന് എന്റെ മുഖമാണെന്ന് പലരും തമാശയായും കാര്യമായും പറഞ്ഞിട്ടുണ്ട്. പല ക്ഷേത്രങ്ങളിലും ഉദ്ഘാടനങ്ങൾക്കായി പോകുമ്പോൾ അമ്മമാരും ചേച്ചിമാരും എന്റെ കൈയിൽ നിന്ന് പ്രസാദം വേണമെന്ന് പറഞ്ഞിട്ടുണ്ട്. അതൊന്നും മറക്കാൻ കഴിയില്ല'- ശരത്ത് പറഞ്ഞു.