ദേശീയോദ്യാനത്തിൽ ബംഗാൾ കടുവകൾ തമ്മിൽ ഏറ്റുമുട്ടൽ; അഞ്ച് മാസത്തിനിടെ ചത്തത് മൂന്നെണ്ണം
ഗോഹട്ടി: കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു പെൺ കടുവ ചത്തു. അസാമിലെ കാസിരംഗ ദേശീയോദ്യാനത്തിലെ ബാഗോരി വെസ്റ്റ് റേഞ്ചിലുള്ള കത്ത്പുര മേഖലയിൽ ഇന്നലെയാണ് ബംഗാൾ കടുവയുടെ ജഡം കണ്ടെടുത്തത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാസിരംഗയിൽ കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായ മൂന്നാമത്തെ കടുവയാണിത്. കടുവകൾക്കിടയിൽ സ്വാഭാവികമായി ഉണ്ടാകാറുള്ള അതിർത്തി പ്രശ്നമാണ് ഏറ്റുമുട്ടലിന് കാരണമാകുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സ്വന്തം പ്രദേശം വികസിപ്പിക്കാനുള്ള ശ്രമത്തിനിടെ കടുവകൾ പരസ്പരം ആക്രമിക്കുന്നത് സ്വാഭാവികമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ദേശീയ ഉദ്യാനത്തിൽ മറ്റൊരു പെൺ കടുവയുടെ ജഡം കണ്ടെത്തിയതിന് ആഴ്ചകൾക്ക് ശേഷമാണ് പുതിയ സംഭവം. ഇവിടെയും മരണകാരണം ഉൾപ്പോരായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലും രണ്ട് കടുവകളുടെ ജഡം കണ്ടെത്തിയിരുന്നു. ഇതിൽ ബാഗോരിയിൽ കണ്ടെത്തിയ കടുവ വാർദ്ധക്യസഹജമായ കാരണങ്ങളാലും ബുരപഹാറിൽ കണ്ടെത്തിയത് ഏറ്റുമുട്ടലിനെത്തുടർന്നുമാണ് ചത്തത്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻടിസിഎ) മാനദണ്ഡങ്ങൾ പ്രകാരം പോസ്റ്റ്‌മോർട്ടം നടപടികൾക്കും ജഡം സംസ്‌കരിക്കുന്നതിനുമായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.
കടുവകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് മേഖലയിൽ രേഖപ്പെടുത്തുന്നത്. 2024ലെ കണക്കനുസരിച്ച് 148 കടുവകൾ ഇവിടെയുണ്ട്. ഓരോ 100 ചതുരശ്ര കിലോമീറ്ററിലും ഏകദേശം 19 കടുവകൾ എന്ന തോതിൽ വളരെ ഉയർന്ന സാന്ദ്രതയാണ് ദേശീയോദ്യാനത്തിലുള്ളത്.