പകർച്ചപ്പനിയിൽ പകച്ച് കോട്ടയം
കോട്ടയം : പകൽ സമയം കഠിന ചൂട്, രാത്രിയിൽ തണുപ്പ്...കാലാവസ്ഥ വ്യതിയാനത്തിൽ ജില്ലയിൽ പകർച്ചപ്പനിബാധിതരുടെ എണ്ണവും ഉയരുകയാണ്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ ആഴ്ച ചികിത്സ തേടിയെത്തിയത് 1889 പേർ. ഇതിന്റെ ഇരട്ടിയിലേറെ പേർ ചെറും വലുതുമായ സ്വകാര്യ ആശുപത്രികളിലും ഹോമിയോ, ആയുർവേദ ആശുപത്രികളിലുമായി ചികിത്സ തേടിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എത്തുന്നവരിൽ ഏറെ പേരെയും മരുന്നു നൽകി വിശ്രമത്തിനായി വീട്ടിലേക്ക് അയയ്ക്കുകയാണ്. കിടത്തി ചികിത്സ ആവശ്യമായവർ കുറവാണെന്ന് അധികൃതർ പറയുന്നു. പലരും സ്വയംചികിത്സയ്‌ക്ക് മുതിരുന്നത് രോഗം ഗുരുതരമാകാൻ ഇടയാക്കും. ഗർഭിണികൾ, കിടപ്പുരോഗികൾ, മറ്റു ഗുരുതര രോഗമുള്ളവർ, കുട്ടികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. പനി ബാധിതരായ കുട്ടികളെ സ്‌കൂളിൽ വിടരുത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറക്കണം, കൈകൾ സോപ്പിട്ട് കഴുകണം, മാസ്‌ക് ഉപയോഗിക്കണം. ചൂട് കൂടുന്നതിനാൽ നിർജലീകരണം, മൂത്രാണുബാധ, ചിക്കൻപോക്‌സ് തുടങ്ങിയവയ്ക്കും സാദ്ധ്യതയുണ്ട്.
പരീക്ഷാക്കാലം, രക്ഷിതാക്കൾക്ക് ആശങ്ക പരീക്ഷാക്കാലത്തിലേക്ക് വിദ്യാർത്ഥികൾ ഒരുങ്ങുന്ന സമയത്ത് പനി പടരുന്നതിൽ രക്ഷിതാക്കളും ആശങ്കയിലാണ്. ചെറിയ പനിയിൽ തുടങ്ങി രണ്ടുമൂന്ന് ദിവസം ശക്തമായി പനിയും, ഒപ്പം തൊണ്ടയ്ക്ക് അണുബാധയുമാണ് നിലവിലെ ലക്ഷണം. ദിവസങ്ങളോളം ശബ്ദ നഷ്ടത്തിനും കാരണമാകുന്നു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പനി മാറിയാലും തൊണ്ടവേദനയും ചുമയും മാറാൻ ആഴ്ചകൾ വേണ്ടിവരും. പലർക്കും ജോലിയ്ക്ക് പോകാൻ പോലും സാധിക്കുന്നില്ല. പനി ഭേദമായ കുട്ടികളും ക്ഷീണിതരായാണ് സ്‌കൂളുകളിലെത്തുന്നതെന്ന് അദ്ധ്യാപകർ പറയുന്നു.
വയറിളക്കവും പടരുന്നു കഴിഞ്ഞയാഴ്ച 311 പേർ വയറിളക്കത്തെ തുടർന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. വേനൽ ശക്തമായതോടെ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ദിവസവും കുറഞ്ഞത് 3 ലിറ്റർ വെള്ളം കുടിക്കണം. തണുപ്പിച്ച വെള്ളവും ശീതളപാനീയങ്ങളും ഒഴിവാക്കുക, നാടൻ പപ്പായ, കൈതച്ചക്ക, കരിക്ക് എന്നിവ കഴിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
ലക്ഷണങ്ങൾ ഇവ
നാലുദിവസത്തെ പനി
തൊണ്ടവേദന
നാലാഴ്ച നീളുന്ന ചുമ
ജലദോഷം, ശ്വാസംമുട്ടൽ
''വൈറസ് വക ഭേദമാണ് പകർച്ച പനിയ്ക്ക് കാരണം. ആന്റിബയോട്ടിക്ക് ഉപയോഗിച്ചാലും ചുമയും കുറുകലും മാറാൻ കാലത്താമസമെടുക്കും.
ആരോഗ്യവിദഗ്ദ്ധർ