നിതീഷ് സഹദേവ് ചിത്രത്തിൽ അൽഫോൻസ് പുത്രനും , നാടൻ ചട്ടമ്പിയായി മമ്മൂട്ടി
നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത് നാടൻ ചട്ടമ്പിയായി. കേരള - തമിഴ്‌നാട് അതിർത്തിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ മലയാളവും തമിഴും ഇടകലർന്ന ഭാഷ ആണ് മമ്മൂട്ടി സംസാരിക്കുക. ചിത്രത്തിൽ നിർണായക വേഷത്തിൽ അൽഫോൻസ് പുത്രൻ എത്തുന്നു. ഇതാദ്യമായാണ് മമ്മൂട്ടി ചിത്രത്തിൽ അൽഫോൻസ് പുത്രൻ ഭാഗമാകുന്നത്.
രാജമാണിക്യം പോലെ തനി ചട്ടമ്പിയായി മമ്മൂട്ടി എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ . ആക്‌ഷൻ - കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ ആദ്യം ആരംഭിക്കാനാണ് തീരുമാനം. താരനിർണയം പൂർത്തിയായി വരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആയിരിക്കും നിർമ്മാണം. നിതീഷ് സഹദോവും അനുരാജ് ഒ.ബിയും ചേർന്നാണ് രചന. വിഷ്ണു വിജയ് ആണ് സംഗീതം. ബേസിൽ ജോസഫ് നായകനായ ഫാലിമി എന്ന ചിത്രത്തിലൂടെയാണ് നിതീഷ് സഹദേവ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
മികച്ച വിജയം നേടിയ ഫാലിമിക്കുശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്ത തലൈവർ തമ്പി തലൈമയിൽ പൊങ്കൽ റിലീസായി മികച്ച വിജയം നേടുന്നു. ജീവ നായകനായ ചിത്രം മലയാള ചിത്രങ്ങളായ ജാൻ. എ. മൻ, വ്യസന സമേതം ബന്ധുമിത്രാദികൾ, എന്നീ ചിത്രങ്ങളുമായി ചില സാദൃശ്യം തോന്നിയേക്കാം. ഫാലിമിയുടെ തിരക്കഥാ പങ്കാളിയായ സൻജോ ജോസഫും നിതീഷ് സഹദേവും അനുരാജ് ബിയും ചേർന്നാണ് രചന നിർവഹിച്ചത്. അതേസമയം അടൂർ ഗോപാലകൃഷ്ണൻ ചിത്രം പൂർത്തിയാക്കി മമ്മൂട്ടി , ധനുഷ് ചിത്രത്തിൽ ആണ് ജോയിൻ ചെയ്യുക. ശിവകാർത്തികേയൻ നായകനായ അമരൻ എന്ന ബ്ളോക് ബസ്‌റ്ററിനുശേഷം രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ്‌പല്ലവി ആണ് നായിക. ധനുഷിനൊപ്പം കേന്ദ്ര കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.