ഐഷാ പോറ്റിയുടെ കൂടുമാറ്റം

Tuesday 20 January 2026 12:30 AM IST

തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന കലാപരിപാടികളിലൊന്നാണ് കൂടുവിട്ട് കൂടുമാറ്റം. ഒരു പാർട്ടിക്കിട്ട് മറ്റേ പാർട്ടി പണികൊടുക്കുന്നത് ആ പാർട്ടിയിലെ പ്രമുഖ നേതാക്കളെ കാലുമാറ്റം നടത്തിച്ച് തിരിച്ചടി കൊടുക്കുക എന്നതാണ്. പാർട്ടികൾ മുന്നണി മാറും, നേതാക്കളും പാർട്ടി മാറും. എല്ലാ മുന്നണികളിലും പാർട്ടികളിലും ഇതൊക്കെ കാലങ്ങളായി നടക്കുന്നതാണ്. ഉത്തരേന്ത്യയിലൊക്കെ ഇതിന് 'ആയാറാം ഗയാറാം" എന്നൊരു പ്രയോഗം തന്നെയുണ്ട്. കേരളത്തിലും ഇത്തരം'ആയാറാം ഗയാറാം" പരിപാടി വിവിധ രാഷ്ട്രീയ പാർട്ടികളിൽ അരങ്ങേറാറുണ്ട്. യു.ഡി.എഫിന്റെ അവിഭാജ്യ ഘടക കക്ഷിയായിരുന്ന മാണി കേരള കോൺഗ്രസ് 2021 ൽ ഇടതുമുന്നണിയിലേക്ക് ചേക്കേറിയത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിമരുന്നിട്ടത്. എന്നാൽ ഇപ്പോൾ ജോസ്.കെ മാണി നയിക്കുന്ന ആ പാർട്ടി പഴയ ലാവണത്തിലേക്ക് തിരിച്ചു പോകുന്നുവെന്ന അഭ്യൂഹങ്ങളാണ് പരക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ആ പാർട്ടി യു.ഡി.എഫിൽ എത്തിയില്ലെങ്കിലേ ഇനി അത്ഭുതത്തിന് വഴിയുള്ളു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കേരളത്തെ ഞെട്ടിച്ചതാണ് ആർ.എസ്.പിയുടെ മുന്നണി മാറ്റം. എന്നാൽ കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ ഒരു പ്രമുഖ വനിതാ നേതാവ് സി.പി.എം വിട്ട് കോൺഗ്രസിൽ ചേക്കേറിയത് ചൂടേറിയ ചർച്ചകൾക്കാണ് വഴിവച്ചത്. സി.പി.എമ്മിലേക്ക് മറ്റു പാർട്ടികളിൽ നിന്ന് പല നേതാക്കളും പലഘട്ടങ്ങളിലായി കൂടുമാറ്റം നടത്തിയിട്ടുണ്ടെങ്കിലും പി.ഐഷാ പോറ്റി എന്ന നേതാവിന്റെ കോൺഗ്രസിലേക്കുള്ള കൂടുമാറ്റം സി.പി.എമ്മിനേറ്റ കനത്ത ആഘാതമായി. അതിന്റെ ഞെട്ടലിൽ നിന്ന് പാർട്ടി ഇനിയും മുക്തമായിട്ടില്ല. മുൻ കാലങ്ങളിൽ എം.വി രാഘവനെയും കെ.ആർ ഗൗരി അമ്മയെയും പോലുള്ള വന്മരങ്ങൾ പാർട്ടി വിട്ടു പോയിട്ടുണ്ടെങ്കിലും അന്നൊന്നും പാർട്ടിയെ ഇത്രത്തോളം അത് ഗൗരവതരമായി ബാധിച്ചിരുന്നില്ലെന്നതാണ് ചരിത്രം. കാരണം അന്ന് ഇ.എം.എസ്, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ തുടങ്ങിയവരെപ്പോലുള്ള വൻ വൃക്ഷങ്ങളായിരുന്നു ആ പാർട്ടിയുടെ തലപ്പത്തുണ്ടായിരുന്നത്. എന്നാൽ ഇന്ന് ആ സ്ഥിതിയിൽ ഏറെ മാറ്റം വന്നു. വൻ വൃക്ഷമെന്ന് പറയാൻ മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ ആ പാർട്ടിയിൽ അതിന് സമാനമായൊരു നേതാവില്ലെന്നതാണ് യാഥാർത്ഥ്യം. ഐഷാ പോറ്റിയെ വർഗ്ഗ വഞ്ചകി എന്ന് വിളിച്ച് തള്ളുന്നതിനൊപ്പം അവർക്കെതിരെ വ്യാപകമായ പ്രചാരണം നടത്താനും പാർട്ടി തീരുമാനിച്ചത് അവർ പാർട്ടി വിട്ടതിന്റെ ആഘാതം അത്ര ചെറുതല്ലെന്ന് വ്യക്തമാക്കുന്നതാണ്.

കൊട്ടാരക്കരയിലെ ജനകീയ മുഖം

കൊട്ടാരക്കരയിലെ ജനകീയ മുഖമായിരുന്ന ഐഷാപോറ്റി കമ്മ്യൂണിസ്റ്റ് പാരമ്പര്യം അവകാശപ്പെടാവുന്ന നേതാവല്ലെങ്കിലും സൗമ്യതയുടെയും ലാളിത്യത്തിന്റെയും ആൾ രൂപമായി മാറിയെന്നതിൽ മറ്റു പാർട്ടികൾക്ക് പോലും രണ്ടഭിപ്രായമില്ല. കൊട്ടാരക്കരയിൽ ആർ.ബാലകൃഷ്ണ പിള്ള എന്ന വമ്പനെ 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ മലർത്തിയടിച്ച ധീരവനിതയായാണ് ഐഷാപോറ്റി പാർട്ടിയുടെ ഏറ്റവും മികച്ച മുഖമായി മാറിയത്. തുർന്ന് 2011 ലും 2016 ലും നടന്ന തിരഞ്ഞെടുപ്പുകളിലും അവർ ഭൂരിപക്ഷം വർദ്ധിപ്പിച്ച് ജയിച്ചു കയറി. 2016 ലെ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ അവരുടെ ഭൂരിപക്ഷം 45,000 ഓളം വോട്ടിന്റെ റെക്കാർഡായിരുന്നു. മൂന്നാമത്തെ ജയത്തിൽ ഒന്നാം പിണറായി സർക്കാരിൽ അവരെ മന്ത്രി സ്ഥാനത്തേക്കോ സ്പീക്കർ സ്ഥാനത്തേക്കോ പാർട്ടി പരിഗണിക്കുമെന്ന് ഏവരും കരുതിയെങ്കിലും കന്നി ജയക്കാരെപ്പോലും മന്ത്രിയാക്കിയപ്പോൾ ഐഷാപോറ്റിയെ തഴഞ്ഞത് കൊട്ടാരക്കരയിലെ പാർട്ടിയിലും അസംതൃപ്തി പടർത്തിയിരുന്നു. 2021 ലെ തിരഞ്ഞെടുപ്പിലാകട്ടെ, ഐഷാപോറ്റിയെ ഒഴിവാക്കി കെ.എൻ. ബാലഗോപാലിന് കൊട്ടാരക്കരയിൽ മത്സരിക്കാൻ സീറ്റ് നൽകിയപ്പോൾ അദ്ദേഹം വിജയിച്ചുവെങ്കിലും ഭൂരിപക്ഷം 10,000 വോട്ടിലേക്ക് താഴ്ന്നു. 2026 ൽ ബാലഗോപാലിന് രണ്ടാമൂഴം വിജയം സുനിശ്ചിതം എന്ന് കരുതിയിരിക്കുന്നതിനിടെയാണ് ഐഷാപോറ്റി പാർട്ടി വിട്ട് കോൺഗ്രസിലേക്ക് പോയത്. 2021 ൽ ബാലഗോപാലിന്റെ ജയത്തിനായി താൻ അക്ഷീണം ആത്മാർത്ഥതയോടെ പ്രവർത്തിച്ചതായി ഐഷാപോറ്റി തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പാർട്ടിയുമായി ഐഷാപോറ്റി അകന്നു തുടങ്ങിയത് അവർക്ക് നേരിട്ട ക്രൂരമായ അവഗണന മൂലമായിരുന്നുവെന്നാണ് ഇപ്പോൾ അവർ തുറന്നു പറയുന്നത്.

അവസരവാദമെന്ന് സി.പി.എം

തികച്ചും അവസരവാദപരമായ നിലപാടാണ് പി. ഐഷാപോറ്റി സ്വീകരിച്ചതെന്നാണ് സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടത്. രണ്ട് തവണ അവരെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കുകയും മൂന്ന് തവണ കൊട്ടാരക്കരയിൽ നിന്ന് എം.എൽ.എ ആക്കുകയും ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗമായും ജനാധിപത്യ മഹിളാ അസോയിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിക്കാൻ അവസരം നൽകിയതും പാർട്ടിയാണ്. പാർട്ടിയെയും ഇടതു പക്ഷത്തെയും സ്നേഹിക്കുന്ന പതിനായിരക്കണക്കിന് ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളാണ് ഐഷാപോറ്റിയെ ഇന്നത്തെ നിലയിലേക്കെത്തിച്ചതെന്നും പാ‌ർട്ടി അഭിപ്രായപ്പെട്ടു. അതേസമയം പാർട്ടിക്കേറ്റ തിരിച്ചടിയെ പ്രതിരോധിക്കാനുള്ള ശക്തമായ നീക്കങ്ങളും ആരംഭിച്ചു. പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി കൊല്ലത്തെത്തി പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും നിയമസഭാ മണ്ഡലം പാർട്ടി സെക്രട്ടറിമാരുടെയും സംയുക്ത യോഗത്തിൽ പങ്കെടുത്തു. തൃശൂരിൽ സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം നിർവഹിച്ച ശേഷം ഹെലികോപ്റ്ററിൽ കൊല്ലത്ത് പറന്നിറങ്ങിയാണ് മുഖ്യമന്ത്രി യോഗത്തിൽ സംബന്ധിച്ചത്. ഐഷാപോറ്റി പാർട്ടി വിട്ടത് സി.പി.എമ്മിനെ എത്രത്തോളം ഉലച്ചുവെന്നതിന്റെ ദൃഷ്ടാന്തമായാണ് ഇതിനെ വിലയിരുത്തുന്നത്. തുടർന്ന് ഇന്നലെ കൊട്ടാരക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത സർക്കാർ പരിപാടി പാർട്ടിയുടെ ശക്തിപ്രകടനമായി മാറി. ഐഷാപോറ്റിക്കെതിരെ വരും ദിവസങ്ങളിലും വ്യാപക പ്രചാരണം നടത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഐഷാ പോറ്റിക്ക് പാർട്ടി നൽകിയ അവസരങ്ങൾ ഓർമ്മിപ്പിച്ച് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയും രംഗത്തെത്തിയത് ഇതിന്റെ ഭാഗമായാണ്.

ബാലഗോപാലിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമോ ?

വരുന്ന തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഐഷാ പോറ്റിയെ കോൺഗ്രസ് നിർത്തുമോ എന്ന ആശങ്ക സി.പി.എം നേതൃത്വത്തിനുണ്ട്. അങ്ങനെയെങ്കിൽ കേരളമാകെ ശ്രദ്ധിക്കപ്പെടുന്ന മത്സരമായി അത് മാറും. കെ.എൻ. ബാലഗോപാലിനെതിരെ ഐഷാ പോറ്റി യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചാൽ മത്സരം കടുക്കുമെന്നുറപ്പാണ്. എൽ.ഡി.എഫിന്റെ ജില്ലയിലെ ഏറ്റവും ഉറച്ച മണ്ഡലമായി കണക്കാക്കുന്ന കൊട്ടാരക്കര വരുന്ന തിരഞ്ഞെടുപ്പിൽ പാ‌ർട്ടിക്ക് ഏറെ നിർണായകമാണ്. ഐഷാ പോറ്റിയെപ്പോലെ പൊതുസ്വീകാര്യയായ നേതാവ് പാർട്ടിയെ ഉപേക്ഷിച്ച് എതിർപാളയത്തിലെത്താനുള്ള സാഹചര്യം സൃഷ്ടിക്കരുതായിരുന്നുവെന്ന വികാരവും സി.പി.എമ്മിൽ ശക്തമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്ന് തവണ എം.എൽ.എ യും ആയ ഐഷാ പോറ്റി നിസ്സാര കാരണങ്ങളുടെ പേരിൽ പാർട്ടി വിടില്ലെന്ന് കരുതുന്നവരുമുണ്ട്. പാർട്ടിക്കുള്ളിൽ താൻ ക്രൂരമായ അവഗണനയാണ് നേരിട്ടതെന്ന് പരസ്യമായി പ്രതികരിച്ചത് സ്ത്രീ വോട്ടർമാരെ സ്വാധീനിക്കുമെന്നും സി.പി.എമ്മിന് അങ്കലാപ്പുണ്ട്. ഐഷാപോറ്റി പാർട്ടിയുമായി സ്വരച്ചേർച്ചയിൽ അല്ലാതായത് കൊട്ടാരക്കരയിൽ കോൺഗ്രസ് സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തതോടെയാണ്. എം.എൽ.എ ആയിരിക്കെ കൊട്ടാരക്കരയിൽ കൊണ്ടു വന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കാതെയും നോട്ടീസിൽ പേര് വയ്ക്കാതെയും അവഗണിക്കുന്ന പതിവ് തുടങ്ങിയിട്ട് നാളേറെയായി. അവരെ അനുനയിപ്പിച്ച് കൂടെ നിർത്താൻ പാർട്ടി ജില്ലാ നേതൃത്വം തയ്യാറായതുമില്ല. കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിന്റെ ശക്തമായ ഇടപെടലാണ് ഐഷാപോറ്റിയെ കോൺഗ്രസ് പാളയത്തിലേക്ക് എത്തിച്ചതെന്നാണ് കോൺഗ്രസിലെ സംസാരം. സി.പി.എമ്മിന്റെ മുൻ ദേവികുളം എം.എൽ.എ ആയ എസ്. രാജേന്ദ്രൻ കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയിൽ ചേർന്നത്. ഐഷാപോറ്റി സി.പി.എം വിട്ട് കോൺഗ്രസിലേക്ക് പോയപ്പോൾ അവരെ അവഹേളിക്കുകയും വിമർശിക്കുകയും ചെയ്യുന്നവർ രാജേന്ദ്രൻ പോയതിൽ പ്രതിഷേധിക്കാത്തതെന്തെന്ന ചോദ്യവും യു.ഡി.എഫ് നേതാക്കൾ ഉന്നയിക്കുന്നുണ്ട്. ഐഷാപോറ്റിയുടെ കോൺഗ്രസ് കുടിയേറ്റം സി.പി.എമ്മിനെ വല്ലാതെ ഉലച്ചുവെന്നതാണ് വാസ്തവം. ഇതിന്റെ അനുരണനങ്ങൾ വരും ദിവസങ്ങളിലും പാർട്ടിയെ പിന്തുടരുമെന്നുറപ്പാണ്.