ബാലറ്റ് പേപ്പറുകൾ തിരിച്ചുവരുന്നു, ബംഗളുരു തദ്ദേശ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ
ബംഗളുരു: കർണാടകത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇ.വി.എമ്മിന് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ. ഗ്രേറ്റർ ബംഗളുരു അതോറിറ്റിയുടെ (ജി.ബി.എ) കീഴിൽ രൂപീകരിച്ച അഞ്ച് കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് ബാലറ്റ് പേപ്പറുകൾ തിരിച്ചു കൊണ്ടുവരാൻ കമ്മിഷണർ തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ജില്ലാ, താലൂക്ക്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറുകളാണ് ഉപയോഗിക്കുകയെന്നും
കർണാടക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ജി.എസ്,സംഗ്രേഷി പറഞ്ഞു. ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കമ്മിഷണർ വ്യക്തമാക്കി. മേയ് 25ന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ്.
ബാലറ്റ് പേപ്പറുകളോ ഇ.വി.എമ്മുകളോ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ നിയമം അനുശാസിക്കുന്നതിനാൽ കമ്മിൽന് തീരുമാനമെടുക്കാനുള്ള വിവേചനാധികാരമുണ്ടെന്ന് സംഗ്രേഷി പറഞ്ഞു. വെബ് ക്യാമറകളും സി.സി.ടിവി ക്യാമറകളും സ്ഥാപിക്കുമെന്നും കള്ളവോട്ട് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് പൊലീസ് സുരക്ഷ ഉറപ്പാക്കുമെന്നും കമ്മിഷണർ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് , നഗര, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് സംസ്ഥാന സർക്കാർ നേരത്തെ ശുപാർശ ചെയ്തിരുന്നു. 2025ലാണ് ഗ്രേറ്റർ ബംഗളുരു അതോറിറ്റിയുടെ കീഴിൽ സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സൗത്ത് എന്നീ അഞ്ച് പുതിയ മുനിസിപ്പൽ കോർപ്പറേഷനുകളായി വിഭജിച്ചത്.