തർക്കിസ്റ്റ് സഖാക്കളും വീടുകയറ്റവും
'ലൈഫ് ബോയ് എവിടെയുണ്ടോ, അവിടെയുണ്ട് ആരോഗ്യം!" പരസ്യങ്ങളിൽ വളരെക്കാലം നിറഞ്ഞുനിന്ന വാചകമാണിത്. കേരള കോൺഗ്രസ്- എം ചെയർമാൻ ജോസ് കെ. മാണി കഴിഞ്ഞ ദിവസം ഇതിൽ ഭേദഗതി വരുത്തി. 'കേരള കോൺഗ്രസ്- എം എവിടെയുണ്ടോ, അവിടെയുണ്ട് ഭരണം!" തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ടതോടെ, അടുത്ത ഭരണം തങ്ങൾക്കാവുമെന്ന് മനപ്പായസമുണ്ട് നടക്കുകയാണ് യു.ഡി.എഫുക്കാർ. അന്നു തുടങ്ങിയതാണ് ജോസ് കെ.മാണിയുടെ മനസിലെയും ഇളക്കം. അക്കരെയാണല്ലോ പച്ച കാണുന്നത്. പിന്നെ, ഇക്കരെ നിന്നാലോ? ഇപ്പോഴേ ചാടിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ വീണ്ടും ഭരണപക്ഷത്ത്. ഭാഗ്യം കൂടി കടാക്ഷിച്ചാൽ മന്ത്രിക്കസേര.
പ്രതിപക്ഷ എം.പിയായി തുടരുന്നതുകൊണ്ട് എന്തു ഗുണം? സഭകൾ പിണങ്ങില്ലേ? പാർട്ടിയുടെ ഗതി എന്താവും? അങ്ങോട്ടൊരു പാലം ഇടാം. വി.ഡി. സതീശനുമായി സംസാരിച്ചെന്നും, സോണിയാ ഗാന്ധി ഫോണിൽ സംസാരിച്ചെന്നുമൊക്കെ വാർത്ത പരന്നു. ഒന്നും നിഷേധിക്കാൻ പോയില്ല. നടക്കുന്നെങ്കിൽ നടക്കട്ടെ. എൽ.ഡി.എഫ് യോഗത്തിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തലസ്ഥാനത്തു നടന്ന കേന്ദ്ര വിരുദ്ധ സമരത്തിലും ജോസ് കെ. മാണിയുടെ അഭാവം. ഇടതിന് ഉൾക്കിടിലം. യു.ഡി.എഫിൽ ലഡു പൊട്ടി. അതിനിടെ, ഇരട്ടച്ചങ്കൻ പണി പറ്റിക്കുമെന്ന് സ്വപ്നേപി നിനച്ചില്ല. പിണറായി സഖാവ് മാണി പാർട്ടിയുടെ ഏക മന്ത്രി റോഷി അഗസ്റ്റിനെയും, പണ്ട് എസ്.എഫ്.ഐക്കാരനായിരുന്ന എം.എൽ.എ പ്രമോദ് നാരായണനെയും വളച്ചൊടിച്ച് കുപ്പിയിലാക്കി. തങ്ങൾ എൽ.ഡി.എഫിൽ പാമ്പൻ പാലം പോലെ ഉറച്ചു നിൽക്കുമെന്ന് പ്രഖ്യാപനം!
പാർട്ടിക്ക് ആകെ അഞ്ച് എം.എൽ.എമാർ. അതിൽ രണ്ടുപേർ ഒപ്പമില്ലെങ്കിൽ രണ്ടും രണ്ട് പാത്രമാവും. ഒരാവേശത്തിന് കിണറ്റിൽ ചാടിയാൽ എളുപ്പത്തിൽ കര കയറാനാവുമെന്ന് എന്തുറപ്പ്? ഭരണം വീണ്ടും എൽ.ഡി.എഫിനാണെങ്കിൽ കടിച്ചതും പിടിച്ചതും പോകില്ലേ? തത്കാലം ഒന്നിച്ചു നിൽക്കുന്നതാവും ബുദ്ധി. അങ്ങനെയാണ് പരസ്യവാചകം കടമെടുത്തത്. അപ്പോഴും, തെളിച്ചു പറഞ്ഞില്ല. ഇരുപക്ഷത്തും കിടക്കട്ടെ അല്പം കൺഫ്യൂഷൻ. മൂന്നാം നാളത്തെ പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി കൂടി കഴിയട്ടെ. കുരിശിൽ തറയ്ക്കപ്പെട്ട യേശുദേവൻ മൂന്നാം നാൾ ഉയിർത്തെണീറ്റത് മനസിൽ വച്ചാണ് ജോസ് പത്രക്കാരോട് കാച്ചിയത്-'ജറുസലേം പുത്രിമാരേ, നിങ്ങൾ എന്നെ പ്രതി കരയേണ്ട. നിങ്ങളെയും, നിങ്ങളുടെ മക്കളെയും പ്രതി കരയുവിൻ."
കുരിശിലേറ്റാൻ നേരം യേശുദേവൻ പറഞ്ഞ വാചകം.
ജോസ് കരയാൻ പറഞ്ഞത് ആരോട്? മൂന്നാം നാൾ നടന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ വി.ഡി. സതീശൻ പ്രതീക്ഷിച്ചതു പോലെ വെള്ളപ്പുക ഉയർന്നില്ല. ജോസ് പരസ്യവാചകം തിരുത്തി. 'എൽ.ഡി.എഫിൽ കേരള കോൺഗ്രസ്- എം ഉണ്ടെങ്കിൽ അവിടെയുണ്ട് ഭരണം." നേരിടാൻ വന്നവന്റെ തോളിൽ കൈയിട്ട് ഞങ്ങളെ രണ്ടാളെയും നേരിടാൻ ധൈര്യമുള്ള ആരുണ്ടെടായെന്ന് സിനിമയിൽ കീലേരി അച്ചു വെല്ലുവിളിച്ചതു പോലെ. അതോടെ, സി.പി.എമ്മിന്റെ നെഞ്ചിലെ തീ കെട്ടു. പൊലിഞ്ഞത് കോൺഗ്രസിന്റെ സ്വപ്നം. 'കൊട്ടാര വിപ്ളവം" ആവിയായി.
എങ്കിലും, കളിയിൽ ജോസിന് നഷ്ടമില്ല. കെ.എം. മാണിക്ക് സ്മാരകം നിർമ്മിക്കാൻ തലസ്ഥാനത്ത് കവടിയാറിൽ സർക്കാർ 25 സെന്റ് ഭൂമി നൽകുമെന്ന് 2019-ലെ ബഡ്ജറ്റിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചതാണ്. ആറുവർഷമായി. ഒടുവിൽ, ജോസ് കയർ പൊട്ടിക്കുമെന്നു കണ്ടതോടെ, മന്ത്രിസഭ മിന്നൽവേഗത്തിൽ 25 സെന്റ് അനുവദിച്ചു. വേറേ വല്ലതും കൂടി ചോദിക്കേണ്ടതായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ, മൂന്ന് മുന്നണികളും ജാഥകൾ നടത്താനുള്ള തിരക്കിലാണ്. കാസർകോട് മുതൽ പാറശ്ശാല വരെയുള്ള ജാഥകളുടെ ലക്ഷ്യം ജനസമ്പർക്കം. പിന്നെ, പണപ്പിരിവും. മുഖ്യ വിഷയം ശബരിമലയിലെ സ്വർണക്കൊള്ളയാണെങ്കിലും, ബി.ജെ.പിക്കാരെപ്പോലെ വിഷയത്തിൽ കോൺഗ്രസുക്കാർക്ക് പഴയ ആവേശമില്ല. ശബരിമലയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് യു.ഡി.എഫ് ഭരണ കാലത്ത്. സോണിയാ ഗാന്ധിയെ കണ്ട് ഉപഹാരം നൽകാൻ പോറ്റിയെ ഡൽഹിയിൽ കൊണ്ടുപോയത് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. ശബരിമലയിലെ കൊടിമരം പുതുക്കിപ്പണിതതും, വാജിവാഹനം തന്ത്രിക്ക് കൈമാറിയതും അന്തരിച്ച കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ. ഒടുവിൽ വാദിയും പ്രതിയാവുമോ?
സി.പി.എം പ്രവർത്തകർ പൊതുവെ 'തർക്കിസ്റ്റുകൾ" ആണെന്നാണല്ലോ ചൊല്ല്. മുരടൻ പെരുമാറ്റവുമായി ഗൃഹ സന്ദർശനം നടത്തിയാൽ തർക്കം ഉറപ്പ്. തലോടലിനു പകരം തല്ല് കിട്ടിയെന്നും വരും. ഓരോ തരക്കാരോടും എന്തൊക്കെ, എങ്ങനെ പറയണമെന്ന് നേതാക്കൾക്കും അണികൾക്കും ക്ലാസെടുത്ത് വിടുകയാണ് പാർട്ടി. ആരോടും തർക്കിക്കരുത്. അവർ പറയുന്നത് എതിരായാലും ക്ഷമയോടെ കേൾക്കണം. അതാണല്ലോ നമുക്കില്ലാത്തതും. ആരെങ്കിലും എതിർത്ത് പറയുമ്പോൾ ഇടയ്ക്കു കയറി സംസാരിക്കരുത്. ഓരോ വീട്ടിലെയും സാഹചര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ പറയണം. പറഞ്ഞ് കുളമാക്കരുത്. വിളിച്ചില്ലെങ്കിലും വീട്ടിനകത്തേക്ക് വലിഞ്ഞുകയറിയിരുന്ന് സംസാരിക്കണം. പാർട്ടി വിട്ടുപോയ സഖാക്കളെ ശത്രുക്കളായി കാണാതെ തുറന്ന ചർച്ച നടത്തണം. കഴിയുമെങ്കിൽ വീണ്ടും ഒപ്പം കൂട്ടണം...
പത്തു പേജുള്ള പാർട്ടി സർക്കുലറിലെ നിർദ്ദേശങ്ങൾ എങ്ങനെ പാലിക്കാനാവുമെന്നതാണ് പ്രശ്നം. ശീലിച്ചത് അങ്ങനെയല്ലേ! ശബരിമല സ്വർണക്കൊള്ളയെപ്പറ്റി ഉറപ്പായും ചോദ്യം വരാം. സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന സി.പി.എം മുൻ എം.എൽ.എ പത്മകുമാറിനെതിരെ എന്തുകൊണ്ട് പാർട്ടി നടപടിയെടുത്തില്ലെന്ന് ചോദിച്ചാൽ പറയേണ്ടത് ഇങ്ങനെ: 'ഈ പ്രശ്നം ചർച്ച ചെയ്യുമ്പോൾ പത്മകുമാർ ചെയ്ത തെറ്റിന്റെ സ്വഭാവം വ്യക്തമായിരുന്നില്ല. വ്യക്തമാകുന്ന ഘട്ടത്തിൽ ഉചിതമായ നടപടി പാർട്ടി തീരുമാനിക്കും." ചോദിച്ചയാൾക്ക് മറുപടി ദഹിക്കുന്നുണ്ടോ എന്നത് വിഷയമല്ല. 'കടക്കു പുറത്ത് " എന്നു പറഞ്ഞാലും, മുഖത്തെ ചിരി മായരുത്. നടക്കുന്ന കാര്യം തന്നെ!
നുറുങ്ങ്:
നിയമസഭാ പുസ്തകോത്സവത്തിലെ ക്വിസ് മത്സരത്തിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പിണറായി വിജയൻ.
* ഉത്സവപ്പറമ്പുകളിൽ ഏതെടുത്താലും പത്തുരൂപ എന്ന് വിളിച്ചുപറയുന്നതു പോലെ.
(വിദുരരുടെ ഫോൺ: 99461 08221)