കലാപ്രതിഭകളെ ജില്ലാ അതിർത്തിയിൽ നിന്നും ആനയിച്ചു; കപ്പ് കണ്ണൂർ മണ്ണിൽ....
തലശേരി/കണ്ണൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വർണക്കിരീടവുമായി എത്തിയ കലാപ്രതിഭകൾക്ക് നാട്ടിൽ രാജോചിത സ്വീകരണം. കണ്ണൂർ നഗരത്തിൽ പുരാവസ്തു പുരാരേഖ മ്യൂസിയം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ് എം.എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ കീരീടജേതാക്കളെ അനുമോദിച്ചു.
ജില്ലാ അതിർത്തിയായ മാഹിയിൽ വച്ച് ജേതാക്കളെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്റെ അദ്ധ്യക്ഷതയിലായിരുന്നു മാഹി അതിർത്തിയിലെ സ്വീകരണം.വൈസ് പ്രസിഡന്റ് ടി.ശബ്ന, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ എ.പ്രദീപൻ, പി.രവീന്ദ്രൻ, ബോബി എണ്ണച്ചേരി, അംഗങ്ങളായ കെ. അനുശ്രീ, പി.പ്രസന്ന, സി.കെ മുഹമ്മദലി, പി.വി.ജയശ്രീ, ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ, വൈസ് പ്രസിഡന്റ് എം.കെ. സെയ്ത്തു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ശകുന്തള, എസ്.എസ്.കെ ജില്ലാ കോ ഓർഡിനേറ്റർ ഇ. വിനോദ്, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ.സി. സുധീർ, കലോത്സവം ജില്ലാ പ്രോഗ്രാം കൺവീനർ കെ. പ്രകാശൻ, പാനൂർ എ.ഇ.ഒ ബൈജു കേളോത്ത്, ചൊക്ലി എ.ഇ.ഒ ബാബുരാജ്, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് ജയദേവൻ, ന്യൂമാഹി എം.എം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.പി.റീത്ത എന്നിവർ പങ്കെടുത്തു.
തലശേരി എം.ജി. റോഡ് പരിസരത്തും ടീമിന് വരവേൽപ്പ് നൽകി. വിവിധ വിദ്യാലയങ്ങളിലെ ബാന്റ് മേളങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെയാണ് വിജയികളെ സ്വീകരിച്ചത്. പടക്കം പൊട്ടിച്ചും കപ്പിന് ഹാരാർപ്പണം നടത്തിയും നഗരം വിജയാഘോഷത്തിൽ പങ്കുചേർന്നു. നഗരസഭാ അംഗങ്ങൾ, അദ്ധ്യാപകർ, വ്യാപാരി സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ധർമ്മടം പോസ്റ്റ് ഓഫീസിന് സമീപം, മുഴപ്പിലങ്ങാട്, എടക്കാട്, തോട്ടട ടൗൺ, താഴെ ചൊവ്വ, മേലെ ചൊവ്വ, കാൾടെക്സ് എന്നിവിടങ്ങളിലും സ്വീകരണം നൽകി.
കണ്ണൂരിന്റെ അഭിമാനകരമായ ഭൂതകാല ചരിത്രവും സാംസ്‌കാരിക സാമൂഹിക വൈജ്ഞാനിക പ്രബുദ്ധതയും വിളംബരം ചെയ്തുകൊണ്ടാണ് കണ്ണൂർ സ്വർണകിരീടം കരസ്ഥമാക്കിയത്.വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും സമർപ്പണവുമാണ് ഈ നേട്ടത്തിന് പിന്നിൽ-മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി