പക്ഷിപ്പനിയിൽ എടക്കാനത്ത് അതിജാഗ്രത മേഖലയിൽ ആരോഗ്യ വകുപ്പ് പരിശോധന, നിരീക്ഷണം

Monday 19 January 2026 9:24 PM IST

ഇരിട്ടി: ഇരിട്ടി നഗരസഭയിലെ ഇരിട്ടി, എടക്കാനം മേഖലയിൽ കാക്കകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ മേഖലയിൽ ആരോഗ്യ വകുപ്പ് പരിശോധനയും നിരീക്ഷണവും ശക്തമാക്കി. ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ വി.വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുജനാരോഗ്യ സമിതിയോഗം ജനങ്ങളിൽ ബോധവത്ക്കരണം നടത്തുന്നതിനും മേഖലയിൽ പനിയുടെ സാന്ദ്രത പരിശോധിക്കുന്നതിനും തീരുമാനിച്ചു.

മൂന്നാഴ്ച്ച മുൻമ്പാണ് മേഖലയിൽ നിരവധി കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയത്. രോഗം വളർത്തു പക്ഷികളിലേക്ക് പടരുന്നില്ലെന്ന് ഉറപ്പു വരുത്താനും പ്രാഥമിക മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പും ജാഗ്രത പാലിക്കണം. വളർത്തുമൃഗങ്ങളോ പക്ഷികളോ ചത്തത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സാമ്പിളുകൾ ശേഖരിച്ച പരിശോധനയ്ക്ക് അയക്കണം. എടക്കാനത്ത് കാക്കകൾ ചത്തത് ശ്രദ്ധയിൽപ്പെട്ടിട്ടും മൃഗ സംരക്ഷണ വകുപ്പ് ഉൾപ്പെടെയുള്ളവർ വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ലെന്ന ആരോപണം ഉണ്ടായിരുന്നു.

കഴിഞ്ഞദിവസം പായം പഞ്ചായത്തിലെ മാടത്തിൽ തട്ടിൽ കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇവയെ വളർത്തു മ്യഗങ്ങൾ കടിച്ചു കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇരിട്ടിയിലും എടക്കാനത്തും കാക്കകൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ നാട്ടുകാർ കാക്കകൾ ചത്ത വിവരം ബന്ധപ്പെട്ടവരെ അറിയിച്ചു. ഇതിന് പിന്നാലെ മുൻകരുതൽ നടപടി എടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മേഖലയിൽ ബോധവത്കരണം നടത്തും

മേഖലയിൽ ബോധവൽക്കരണ ക്ലാസ് ഉൾപ്പെടെ നടത്താനും പൊതുജനാരോഗ്യസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ഇത്തരത്തിൽ പക്ഷികൾ ചത്തത് കണ്ടാൽ നേരിട്ട് കൈകൊണ്ട് തൊടാൻ പാടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. യോഗത്തിൽ നഗരസഭാ വൈസ് ചെയർപേഴ്‌സൺ കെ.സോയ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ ആർ.കെ.ഷൈജു, കെ.രാജൻ, വി.പി. അബ്ദുൾ റഷീദ്, പി.വി. ജിഷ, പി.ധനിഷ, ഇരിട്ടി താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ.എം.രാജേഷ്, നഗരസഭാ സെക്രട്ടറി കെ.അൻഷിത്, നഗരസഭാ ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവൻ, താലൂക്ക് ആസ്പത്രി എച്ച്.ഐ വി.വി. രാജേഷ് എന്നിവർ പങ്കെടുത്തു .