ദീപക്കിന്റെ മരണം,​ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു,​ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

Monday 19 January 2026 9:43 PM IST

കോഴിക്കോട് : ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസ്.

ദീപക്കിന്റെ മരണത്തിന് പിന്നാലെ കുടുംബം യുവതിക്കെതിരെ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു. യുവതിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. ഗോവിന്ദപുരം ടി.പി. ഗോപാലൻ റോഡിൽ ഉള്ളാട്ട് ദീപക് ഭവനത്തിൽ യു. ദീപക്കിനെ (42)​ ആണ് ഞായറാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യന്നൂരിൽ സ്വകാര്യ ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് പൊതുപ്രവർത്തക കൂടിയായ യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊട‌ുക്കിയത്.

ബസിൽ വച്ച് ദുരനുഭവമുണ്ടായെന്ന ആരോപണം ദീപക്കിന്റെ മരണ ശേഷവും യുവതി ആവർത്തിച്ചിരുന്നു. വടകര പൊലീസിൽ ഇക്കാര്യം അറിയിച്ചെന്നുമായിരുന്നു യുവതിയുടെ അവകാശവാദം. എന്നാൽ ഈ വാദം വടകര പൊലീസ് തള്ളിയിരുന്നു. ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് അറിയില്ലെന്നും ആരും പരാതി നൽകിയിട്ടില്ലെന്നുമായിരുന്നു വടകര ഇൻസ്പെക്ടറുടെ വിശദീകരണം. സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതിന് പിന്നാലെ ഇൻസ്റ്റഗ്രാം എഫ്.ബി അക്കൗണ്ടുകൾ നീക്കി. അതേസമയം യുവതി വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. ദൃശ്യങ്ങൾ പകർത്തിയ ഫോൺ കസ്റ്റഡിയിലെടുക്കും. യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബസിലുണ്ടായിരുന്ന സഹയാത്രികരുടെയും ബസ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.